24 മണിക്കൂറിനുള്ളില്‍ 62 തീപ്പിടുത്തങ്ങള്‍; കാനഡയില്‍ ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും
World News
24 മണിക്കൂറിനുള്ളില്‍ 62 തീപ്പിടുത്തങ്ങള്‍; കാനഡയില്‍ ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd July 2021, 3:49 pm

വാന്‍കൂവര്‍: കൊടും ചൂടിനും ഉഷ്ണതരംഗത്തിനുമിടയില്‍ കാട്ടുതീ വ്യാപനത്തിലും ദുരിതത്തിലായിരിക്കുകയാണ് കാനഡ. പടിഞ്ഞാറന്‍ കാനഡയില്‍ ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രിട്ടീഷ്- കൊളംബിയ പ്രവിശ്യയില്‍
62 പുതിയ തീപ്പിടുത്തങ്ങള്‍ രേഖപ്പെടുത്തിയതായി കാനഡ പ്രധാനമന്ത്രി ജോണ്‍ ഹൊര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിലെ സ്ഥിതി അതിഗുരുതരമാണ്. അടുത്ത ഘട്ടങ്ങളില്‍ മുന്നോട്ട് പോകുമ്പോള്‍ കനേഡിയന്‍ സായുധ സേന ജീവനക്കാരുടെ പിന്തുണയോടെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും പ്രതിരോധ മന്ത്രി ഹര്‍ജിത് സഞ്ജന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, തീപ്പിടുത്തവുമായി ബന്ധപ്പെട്ട മരണമോ പരിക്കുകളോ അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല. വാന്‍കോവറില്‍ നിന്ന് വടക്കുകിഴക്കന്‍ ഭാഗത്ത് 250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതര്‍ പറഞ്ഞു.

ലിട്ടണ്‍ മേഖലയിലാണ് തീ വ്യാപിക്കുന്നത് രൂക്ഷമായത്. കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അടുത്ത രണ്ട് ദിവസവും രാജ്യത്ത് റെക്കോര്‍ഡ് ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

mtl6c1ik

ബ്രിട്ടിഷ് കൊളംബിയയില്‍ മാത്രം 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 486 മരണങ്ങളാണ്. പടിഞ്ഞാറന്‍ കാനഡയിലും വടക്കുകിഴക്കന്‍ യു.എസിലുമാണ് പ്രകൃതിയുടെ സംഹാരതാണ്ഡവം തുടരുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന വായുസമ്മര്‍ദം മൂലം അന്തരീക്ഷതാപം കൂടിയതോടെയാണ് ഉഷ്ണതരംഗ പ്രതിഭാസം.

അതിശൈത്യം വല്ലാത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത് രാത്രിയില്‍ പോലും കടുത്ത ചൂട് കുറയാത്തതിനാല്‍ ഉറങ്ങാന്‍ പോലും ആകാത്ത അവസ്ഥയിലാണ് ഉഷ്ണതരംഗം ബാധിച്ചവര്‍.

ചൂടില്‍ നിന്നു മുക്തി നേടാനായി പൂളുകളിലേക്കും ഐസ്‌ക്രീം പാര്‍ലറിലേക്കും ശീതികരിച്ച മറ്റിടങ്ങളിലേക്കുമൊക്കെ ജനങ്ങള്‍ കൂട്ടമായി എത്തുന്ന ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Fires Char Canada Town Amid Record-Breaking Temperatures, 1,000 Evacuated