തൃശൂര്‍: തിരുവില്വാമല വില്വാദ്രനാഥ ക്ഷേത്രത്തില്‍ വന്‍ തീ പിടുത്തം. ചൊവ്വാഴ്ച രാത്രി 8:30 ഓടെയാണ് ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് തീ പിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ആളപായമില്ല എന്നാണ് സൂചന.
അഗ്നിശമന സേനയും നാട്ടുകാരും ദേവസ്വം ജീവനക്കാരും ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ഷൊര്‍ണ്ണൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് ക്ഷേത്രത്തില്‍ എത്തിയത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു.
വൈകീട്ട് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് ഉണ്ടായിരുന്നു. ഇതില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക സൂചന. ക്ഷേത്രനട അടച്ചതിനു ശേഷമാണ് തീ പിടുത്തം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ക്ഷേത്രം ജീവനക്കാര്‍ തുടര്‍ച്ചയായി ക്ഷേത്രമണി മുഴക്കി അപകട മുന്നറിയിപ്പ് നല്‍കി. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാല്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. ഇതിനിടെ തീ വളരെ വേഗം പടര്‍ന്നു പിടിക്കുകയായിരുന്നു.
Don”t Miss: സ്വകാര്യത സംരക്ഷിച്ചു വേണം ആധാര്‍ ഉപയോഗിക്കാന്‍ എന്ന് സുപ്രീം കോടതി
ശ്രീരാമന്റേയും ലക്ഷ്മണന്റേയും പ്രതിഷ്ഠയുള്ള അപൂര്‍വ്വക്ഷേത്രങ്ങളിലൊന്നാണ് തിരുവില്വാമല ക്ഷേത്രം. കേരളത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്ക് ഉരുപ്പടികളാണ് തീ പിടുത്തത്തില്‍ കത്തിനശിച്ചത്.
വീഡിയോ: