മലയാള സിനിമയിൽ വീണ്ടും നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. സിനിമ പ്രേമികൾ കാത്തിരിക്കുന്ന ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം സ്വദേശി ഡോ. വിനീതാണ് യു.ജി.എം പ്രൊഡക്ഷൻസിനെതിരെ എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ പരാതി നൽകിയത്.
3.20 കോടി തന്റെ കയ്യിൽ നിന്നും വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും വിനീത് പറയുന്നു. അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്ന പരാതിയിൽ ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷത്തിൽ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ,മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം പൂര്‍ണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്.
അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്.
തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകള്‍ ഉണ്ട്.