ഒടുവിൽ അത് സംഭവിക്കുന്നു; റൊണാൾഡോയും സെർജിയോ റാമോസും വീണ്ടും ഒരുമിച്ച് കളിക്കാൻ സാധ്യത
football news
ഒടുവിൽ അത് സംഭവിക്കുന്നു; റൊണാൾഡോയും സെർജിയോ റാമോസും വീണ്ടും ഒരുമിച്ച് കളിക്കാൻ സാധ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th December 2022, 4:01 pm

ജനുവരി മാസത്തിൽ ക്ലബ്ബ് ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ മികച്ച താരങ്ങളെ സ്വന്തമാക്കാനായി നെട്ടോട്ടത്തിലാണ് വിവിധ ക്ലബ്ബുകൾ.

ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ച വെച്ച ധാരാളം താരങ്ങളെ ഇപ്പോൾ തന്നെ പല വമ്പൻ ക്ലബ്ബുകളും തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ചരട് വലികൾ നടത്തുന്നുണ്ട്.

ഡച്ച് താരം കോഡി ഗാക്പോയെ ടീമിലെത്തിച്ച് ലിവർപൂൾ വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോ മത്സരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ജനുവരിയുടെ ആദ്യ പകുതിയിൽ സ്‌ക്വാഡ് ഡെപ്ത്ത് കൂട്ടാനായി വിവിധ ക്ലബ്ബുകൾ തമ്മിൽ നടത്തുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം യൂറോപ്പിന് പുറത്ത് വൻ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുകയാണ് സൗദി ക്ലബ്ബ് അൽ-നാസർ. പോർച്ചുഗീസ് താരം റൊണാൾഡോയെ 200 മില്യൺ യൂറോക്ക് ടീമിലെടുക്കാൻ അൽ-നാസർ ശ്രമം നടത്തുന്നതായി സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു.

കൂടാതെ ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയും വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തി. പക്ഷെ റൊണാൾഡോ വാർത്തയോട് ഇത് വരേക്കുംപ്രതികരിച്ചിട്ടില്ല. എന്നാലിപ്പോൾ മറ്റൊരു പ്രധാനപ്പെട്ട റിപ്പോർട്ട്‌ കൂടി പുറത്ത് വിട്ടിരിക്കുകയാണ് മാർക്ക.

റയൽ മാഡ്രിഡിൽ റോണോക്കൊപ്പം കളിച്ചിരുന്ന സെർജിയോ റാമോസിനെ കൂടി ടീമിലെത്തിക്കാൻ അൽ-നാസർ ശ്രമിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പി.എസ്.ജിയിൽ കളിക്കുന്ന റാമോസിന്റെ കരാർ അടുത്ത സമ്മറിൽ അവസാനിക്കാനിരിക്കെയാണ് താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാൻ അൽ-നാസർ ശ്രമിക്കുന്നത്.

റൊണാൾഡോയെയും റാമോസിനെയും സ്വന്തമാക്കാൻ അൽ-നാസറിനായാൽ ഇരു താരങ്ങൾക്കും നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരേ ക്ലബ്ബിൽ കളിക്കാൻ സാധിക്കും.

കൂടാതെ ജനുവരി ഒന്നിന് റൊണാൾഡൊയെ സൈൻ ചെയ്ത വാർത്ത അൽ-നാസർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

അതേസമയം റൊണാൾഡോയുടെ മെഡിക്കൽ ചെക്കപ്പ് അൽ-നാസർ പൂർത്തിയാക്കിയെന്നും താരവുമായി കോൺട്രാക്ട് തയാറായെന്നും മാർക്ക അടുത്തിടെ റിപ്പോർട്ട്‌ ചെയ്തിരുന്നു.

 

Content Highlights: Finally it happens; Ronaldo and Sergio Ramos Maybe play together again