ന്യൂദല്‍ഹി: കൊവിഡ് വൈറസിനുണ്ടാകുന്ന വകഭേദങ്ങള്‍ക്ക് നിലവിലെ വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ലെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. പുതിയ സാഹചര്യത്തെ നേരിടാന്‍ നിലവിലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പുതിയ വാക്‌സിനുകള്‍ നിര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മൂന്നാഴ്ചയായി ഒമിക്രോണിനൊപ്പമാണ് നമ്മള്‍ ജീവിക്കുന്നത്. പലയിടത്ത് നിന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. ചിലതെല്ലാം വസ്തുതാപരമാണ്. നമുക്ക് ഇപ്പോഴും ഒരു അന്തിമ ചിത്രമില്ല,’ വി.കെ. പോള്‍ പറഞ്ഞു.
വാക്‌സിന്‍ വിതരണത്തില്‍ ഒരു ആഗോളനയം വേണമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി അവസാനിച്ചിട്ടില്ലെന്നും അനിശ്ചിതത്വത്തോടാണ് നമുക്ക് പോരാടേണ്ടതെന്നും വി.കെ. പോള്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ ഇതുവരെ 30 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം യു.കെയില്‍ അടുത്ത വര്‍ഷത്തോടെ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആഞ്ഞടിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്ധര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പറയുന്നു.
ഇതിനിടയില്‍ ബ്രിട്ടനില്‍ ഒരാള്‍ ഒമിക്രോണ്‍ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. വാക്‌സിനേഷന്‍ എടുത്തവരില്‍ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കാഠിന്യം കുറവാണെന്നും അതിനാല്‍ ആശുപത്രിവാസം വളരെ കൂടുതലായിരിക്കില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.