ടി-20 ക്രിക്കറ്റിന്റെ പരിപൂര്‍ണമായ സൗന്ദര്യം വെളിവാക്കുന്ന അപൂര്‍വം നിമിഷങ്ങള്‍ മാത്രമേ ക്രിക്കറ്റിന്റെ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. 2007 ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരവും 2022 ടി-20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരവും ഒരു ഓവറില്‍ അഞ്ച് സിക്‌സറടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച തേവാട്ടിയയുടെ ഇന്നിങ്‌സും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ആ ഗണത്തിലേക്കാണ് റിങ്കു സിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കൊണ്ടുചെന്നെത്തിച്ചത്.
ഐ.പി.എല്‍ 2023ലെ 13ാം മത്സരത്തിലാണ് ക്രിക്കറ്റ് ലോകം ഒരിക്കല്‍ക്കൂടി ഒരു മനുഷ്യനിലേക്ക് ചുരുങ്ങിയത്. റാഷിദ് ഖാന്‍ എന്ന മജീഷ്യന്റെ ഹാട്രിക്കിന് മുമ്പില്‍ പതറിപ്പോകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച റിങ്കു സിങ് എന്ന ഉത്തര്‍പ്രദേശുകാരന്റെ ഇന്നിങ്‌സിന് പറയാന്‍ കഥകളേറെയാണ്.
നൈറ്റ് റൈഡേഴ്‌സ് ഇന്നിങ്‌സിന്റെ അവസാന നാല് ഓവറില്‍ ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 50 റണ്‍സ്. പന്തെറിയാനായി ക്യാപ്റ്റന്റെ റോളിലെത്തിയ റാഷിദ് ഖാന്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക്.
17ാം ഓവറിലെ ആദ്യ പന്തില്‍ ആന്ദ്രേ റസലിനെ വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത്തിന്റെ കൈകളിലെത്തിച്ച് റാഷിദ് പുറത്താക്കി. സുനില്‍ നരെയ്‌നും കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ നെടും തൂണായ ഷര്‍ദുല്‍ താക്കൂറും കളത്തിലിറങ്ങാനുണ്ട് എന്ന ആരാധകരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ച് തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ്. ഈ വര്‍ഷത്തെ ആദ്യ ഹാട്രിക്കുമായി റാഷിദ് ഖാന്‍ തിളങ്ങി. ആ ഓവറില്‍ പിറന്നത് വെറും രണ്ടേ രണ്ട് റണ്‍സ്.
അവസാന 18 പന്തില്‍ ടീമിന് ജയിക്കാന്‍ വേണ്ടത് അപ്രാപ്യമെന്ന് തോന്നിയ 48 റണ്‍സ്. ഏഴ് പന്തില്‍ നിന്നും നാല് റണ്‍സുമായി റിങ്കു സിങ്ങും രണ്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി ഉമേഷ് യാദവും ക്രീസില്‍.
ഷമിയെറിഞ്ഞ 18ാം ഓവറില്‍ പിറന്നത് വെറും അഞ്ച് റണ്‍സ്. കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 12 പന്തില്‍ നിന്നും 43 റണ്‍സായി മാറി.
ഐറിഷ് താരം ജോഷ്വാ ലിറ്റിലിന്റെ 19ാം ഓവറില്‍ ഒരു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 14 റണ്‍സ് മാത്രം പിറന്നപ്പോള്‍ ടൈറ്റന്‍സിന്റെ ഡ്രസിങ് റൂമില്‍ വിജയാഘോഷം തകൃതിയായി.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. പന്തുമായി യാഷ് ദയാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക്. പിന്നെ ഗുജറാത്ത് സ്റ്റേഡിയം കണ്ടത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ തിരിച്ചുവരവിനും.
19.1: ലോങ് ഓണിലേക്ക് സിംഗിള്‍ നേടി ഉമേഷ് യാദവ് സ്‌ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറി.
19.2: യാഷ് ദയാലിന്റെ പന്തില്‍ റിങ്കു സിങ് ഡീപ് കവറിലേക്ക് തഴുകി വിട്ട് സിക്‌സര്‍ നേടി. കൊല്‍ക്കത്തക്ക് വിജയിക്കാന്‍ നാല് പന്തില്‍ 22 റണ്‍സ്.
19.3: യാഷ് ദയാലിനെ സമ്മര്‍ദ്ദത്തിലാക്കി രണ്ടാം സിക്‌സര്‍. ദയാലിന്റെ ലോ ഫുള്‍ടോസ് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറിന് പറത്തിയപ്പോള്‍ വിജയലക്ഷ്യം മൂന്ന് പന്തില്‍ 16 റണ്‍സിലേക്ക്.
19.4: ദയാലിന്റെ അടുത്ത ഫുള്‍ടോസ് ഡീപ് കവര്‍ പോയിന്റിലൂടെ ഗാലറിയിലേക്ക്. നിശബ്ദമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിന്റെ സ്‌ക്രീനില്‍ രണ്ട് പന്തില്‍ വിജയിക്കാന്‍ പത്ത് റണ്‍സ് എന്ന് തെളിഞ്ഞു.
19.5: ദയാലിനോട് ഒരു ദയവും കാണിക്കാതെ അഞ്ചാം പന്തും ഗ്യാലറിയിലെത്തിച്ച് റിങ്കു സിങ്.
19.6: അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. കൊല്‍ക്കത്തയെ സ്വപ്‌ന വിജയത്തിലേക്ക് നയിച്ച് ഓവറിലെ അഞ്ചാം സിക്‌സര്‍.
Watching this on L➅➅➅➅➅P… and we still can’t believe what we just witnessed! 🤯pic.twitter.com/1tyryjm47W
ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാനായി ധോണി പറത്തിയ ആ സിക്‌സറിനിപ്പുറത്ത് ലോകം ഒരു മനുഷ്യനിലേക്ക് വന്നുചേരുന്നത് കണ്ട യുവരാജിനെ പോലെ ഉമേഷ് യാദവും ആ കാഴ്ച കണ്ടു. അവസാന ഓവറിലെ ആദ്യ പന്തില്‍ താന്‍ നേടിയ സിംഗിളിന് ഇത്രത്തോളം മാജിക് കാണിക്കാന്‍ സാധിക്കുമെന്ന് അയാള്‍ ഒരിക്കലെങ്കിലും കരുതിയിരുന്നുവോ?
Content highlight: Final Moments of GT vs KKR match