മുംബൈ: മലേഗാവ് സ്ഫോടനക്കേസിന്റെ അന്തിമവിചാരണ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ തുടങ്ങി. സ്‌ഫോടനം സാമുദായിക കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആസൂത്രണം ചെയ്തതെന്ന് എൻ.ഐ.എ പറഞ്ഞു.
മുൻ ബി.ജെ.പി എം.പി സാധ്വി പ്രജ്ഞാസിങ് താക്കൂർ, മുൻ മിലിട്ടറി ഇൻ്റലിജൻസ് ഉദ്യോഗസ്ഥനായ ലഫ്റ്റനൻ്റ് കേണൽ പ്രസാദ് പുരോഹിത് തുടങ്ങി നിരവധി പേർ കേസിൽ പ്രതികളാണ്.
2008 സെപ്തംബർ 29ന് റംസാൻ മാസത്തിലും നവരാത്രിയുടെ തലേദിവസവും മാലേഗാവിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
റമദാന്‍ കാലത്താണ് സ്ഫോടനം നടന്നത്. കൂടാതെ അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങളെ ഭീതിപ്പെടുത്തുകയെന്നതും അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നും എന്‍.ഐ.എ സ്പെഷ്യൽ പ്രോസികൂട്ടര്‍ അവിനാശ് റസലും അനുശ്രി റസലും കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവം നടന്ന് 16 വര്‍ഷമാകുമ്പോഴാണ് കേസിലെ വിചാരണ തുടങ്ങുന്നത്.
ഭോപ്പാലിൽ നിന്നുള്ള മുൻ ബി.ജെ.പി എം.പി സാധ്വി പ്രജ്ഞാസിങ് താക്കൂർ, മുൻ മിലിട്ടറി ഇൻ്റലിജൻസ് ഉദ്യോഗസ്ഥനായ ലഫ്റ്റനൻ്റ് കേണൽ പ്രസാദ് പുരോഹിത്, സുധാകർ ധർ ദ്വിവേദി, ബോംബ് നിർമാണത്തിൽ വിദഗ്ധനായ മേജർ രമേഷ് ഉപാധ്യായ, സുധാകർ ചതുർവേദി, സ്‌ഫോടകവസ്തുക്കൾ വാങ്ങാൻ സഹായിച്ച സമീർ കുൽക്കർണി, അജയ് റാഹിർക്കർ തുടങ്ങിയവരാണ് കേസിൽ വിചാരണ നേരിടുന്നത്. യു.എ.പി.എ, ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ വിചാരണ നേരിടുന്നത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ കേണല്‍ പ്രസാദ് പുരോഹിത് കശ്മീരില്‍നിന്ന് ആക്രമണത്തിനായി ആര്‍.ഡി.എക്സ് എത്തിക്കുകയും അത് നാസികിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സൂക്ഷിക്കുകയുംചെയ്തു. സുധാകര്‍ ചതുര്‍വേദിയാണ് ബോംബ് നിര്‍മിച്ചത്. മലേഗാവില്‍ ഇത് സ്ഥാപിക്കാനായി പ്രജ്ഞാസിങ് തന്റ ബൈക്ക് നല്‍കിയെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.