Film Review
ഈ ഷാപ്പില്‍ കയറിയാല്‍ കിക്കാകും, ഉറപ്പ്
ഹണി ജേക്കബ്ബ്
2025 Jan 16, 10:43 am
Thursday, 16th January 2025, 4:13 pm
ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും പ്രാവിന്‍കൂടും ഉണ്ടാകും.

ഷാപ്പ് അടച്ചിട്ട് അതിനകത്ത് കള്ളുകുടി ചീട്ടുകളി… ചീട്ടുകളി കള്ളുകുടി… എന്നാല്‍ ഷാപ്പിനകത്ത് ഒരാള്‍ മരിച്ചിരിക്കുന്നു, അല്ല കൊല്ലപ്പെട്ടിരുന്നു. രണ്ട് മണിക്കൂറായി ഷാപ്പിനകത്തേക്ക് ആരും വന്നിട്ടില്ല..വന്നവരാരും പുറത്ത് പോയിട്ടില്ല. കൊലയാളി ഉള്ളില്‍ തന്നെ ഉണ്ട്. ആരാണ് ആ കൊലയാളി?

ഇന്ന് തിയേറ്ററുകളില്‍ എത്തിയ പ്രാവിന്‍കൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ ട്രെയ്ലറില്‍ വന്ന ഡയലോഗുകളാണ് ഇത്. മരണത്തില്‍ നിന്ന് തന്നെയാണ് സിനിമയും തുടങ്ങുന്നത്. കൊലയാളി ആരാണെന്ന് കണ്ടുപിടിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേസ് അന്വേഷിക്കാന്‍ ഒരു പൊലീസുകാരന്‍ വരുന്നു, കേസ് അന്വേഷണം തുടങ്ങുന്നു, തുമ്പു കിട്ടുന്നു, കിട്ടുന്ന തുമ്പു തെറ്റുന്നു, ക്ലൈമാക്‌സില്‍ കേസ് തെളിയുന്നു. ശുഭം.

കേള്‍ക്കുമ്പോള്‍ ഒരു ക്ലീഷെ വണ്‍ ലൈന്‍ പോലെ തോന്നാം. എന്നാല്‍ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്.

മലയാള സിനിമയുടെ പ്രത്യേകത കണ്ടന്റ് ആണെന്ന് പറയാറുണ്ടല്ലോ. എന്നാല്‍ ഈ ചിത്രത്തില്‍ കണ്ടന്റും മേക്കിങ്ങുമാണ് കിങ്.

ചിത്രത്തിന്റെ സംവിധായകനില്‍ നിന്ന് തന്നെ തുടങ്ങാം. ശ്രീരാജ് ശ്രീനിവാസന്‍ എന്ന പുതുമുഖ സംവിധായകനാണ് പ്രാവിന്‍കൂട് ഷാപ്പ് ഒരുക്കിയിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയാനായ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ശ്രീരാജ് എന്ന യങ് ഫിലിം മേക്കറിന്റെ എല്ലാവിധ പ്രസരിപ്പും ചുറുചുറുക്കും പ്രാവിന്കൂടില്‍ കാണാന്‍ കഴിയും. ഓരോ സീനും ഓരോ ഫ്രെയിമും കണ്ടുമടുത്ത രീതിയില്‍ നിന്ന് മാറ്റിപിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മേക്കിങ്ങില്‍ യാതൊരുവിധ വിട്ട് വീഴ്ചയും ശ്രീരാജ് നടത്തിയിട്ടില്ല. ഒരൊറ്റ സെക്കന്‍ഡ് പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത വിധം സംവിധായകന്‍ ആ ഷാപ്പിനകത്തേക്ക് ഓരോ പ്രേക്ഷകനെയും വലിച്ചിടുന്നുണ്ട്.

ഡയറക്ഷന്‍ കഴിഞ്ഞാല്‍ ചിത്രത്തില്‍ എടുത്ത് പറയേണ്ടതാണ് സിനിമാറ്റോഗ്രഫിയും മ്യൂസിക്കുമാണ്. ബേസില്‍ പറഞ്ഞതുപോലെ മലയാളത്തിലെ ഈ അടുത്ത കാലത്തെ മികച്ച ആല്‍ബം ഉള്ളത് പ്രാവിന്‍കൂട് ഷാപ്പിലാണെന്ന് തോന്നുന്നു. ഓരോ സീനും എലവേറ്റ് ചെയ്യുന്നതില്‍ വിഷ്ണു വിജയിന്റെ മ്യൂസിക്കിന്റെ പങ്ക് വളരെ വലുതാണ്. സിനിമയുടെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്ന ‘തുമ്പി വാ തുമ്പ കുടത്തില്‍’ എന്ന ഗാനം മുതല്‍ സിനിമയുടെ ഓരോ സന്ദര്‍ഭത്തിനും അനുസരിച്ച ചില ‘ഷാപ്പ് പാട്ടുകളും’ മനോഹരമായിത്തന്നെ ചിത്രത്തില്‍ പ്ലെയ്‌സ് ചെയ്തിട്ടുണ്ട്.

അതുപോലെതന്നെയാണ് ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും. ഓരോ ഫ്രെയിമിനും വളരെ ഫ്രഷ്നെസ്സ് ഉള്ളതായി തോന്നി. പ്രാവിന്‍കൂട് ഷാപ്പും ചുറ്റുമുള്ള ഗ്രാമവും വളരെ മനോഹരമായിത്തന്നെ ഷൈജു ഖാലിദ് ഒപ്പിയെടുത്തിട്ടുണ്ട്. ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും ടോപ് നോച്ച് ആയിരുന്നു.

ഇനി സിനിമയുടെ ഏറ്റവും ഇന്‌ട്രെസ്റ്റിങ് ആയ ഭാഗത്തേക്ക് വരാം, കാസ്റ്റിങ്. സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഏറ്റവും അട്രാക്റ്റ് ചെയ്തത് പോസ്റ്ററില്‍ നിറഞ്ഞ് നിന്ന ബേസിലും സൗബിനും ആയിരുന്നു. തന്റെ സ്ഥിരം ട്രാക്ക് മാറ്റി അത്യാവശ്യം സീരിയസായ പൊലീസ് ഓഫീസര്‍ സന്തോഷ് സി.ജെ ആയിട്ടാണ് ബേസില്‍ എത്തിയത്. ബേസിലിന്റെ സ്ഥിരം മാനറിസങ്ങളില്‍ പകുതിയും ഒഴിവാക്കി തൃശൂരുകാരനായി ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്.

തുടക്കം മുതല്‍ നിഗൂഢത നിറക്കുന്ന കണ്ണനായി എത്തിയത് സൗബിനായിരുന്നു. ഒരിടവേളക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു പ്രാവിന്‍കൂട് ഷാപ്പില്‍ ഉണ്ടായിരുന്നത്. കണ്‍കെട്ട് വിദ്യയറിയുന്ന കണ്ണനായി സൗബിന്‍ ചിത്രത്തില്‍ ജീവിക്കുകയായിരുന്നു.

ഇവര്‍ രണ്ടുപേരും നന്നായിത്തന്നെ അവരുടെ കഥാപാത്രം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുള്ള കാര്യമാണ്. എന്നാല്‍ സിനിമയില്‍ ഞെട്ടിച്ചു എന്ന് പറയാന്‍ കഴിയുന്നത് മെറിന്‍ഡയായി എത്തിയ ചാന്ദിനി ശ്രീധരന്‍ ആയിരുന്നു. സുന്ദരിയായ കണ്ണന്റെ ഭാര്യ മെറിന്‍ഡയായി ചാന്ദിനി ജീവിക്കുകയായിരുന്നു. അല്പം വശ്യതയും വന്യതയും ഉള്ള കഥാപാത്രമായി അതികിടിലന്‍ പ്രകടനമാണ് ചാന്ദിനി കാഴ്ചവെച്ചത്.

നായകന്റെ നിഴലില്‍ ഒതുങ്ങിപോയ കഥാപാത്രങ്ങള്‍ ചെയ്ത ചാന്ദിനി, തന്റെ പേര് പ്രാവിന്‍കൂട് ഷാപ്പിലൂടെ ഇന്‍ഡസ്ട്രിയില്‍ പതിപ്പിക്കുന്നു.

കലാഭവന്‍ നിയാസ്, ചെമ്പന്‍ വിനോദ് ജോസ്, ശബരീഷ് തുടങ്ങിയവരും ഷാപ്പില്‍ ഉണ്ടായിരുന്നവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കൊമ്പന്‍ ബാബുവിനെ അവതരിപ്പിച്ച ശിവജിത്തിന്റെ പെര്‍ഫോമന്‍സും എടുത്ത് പറയേണ്ടതാണ്. ആരെയും കൂസാത്ത ഭീമാകാരനായ വില്ലനെ നന്നായിതന്നെയാണ് ശിവജിത് ചെയ്ത് വെച്ചിരിക്കുന്നത്.

2024 എങ്ങനെയാണോ മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചത് അതുപോലെ ഒരു വര്‍ഷമായിരിക്കും 2025 ഉം എന്ന സൂചനകളാണ് ഇതുവരെ ഇറങ്ങിയ ചിത്രങ്ങള്‍ നല്‍കുന്നത്.

ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും പ്രാവിന്‍കൂടും ഉണ്ടാകും.

മേയ്ക്കിങ് കൊണ്ടും കണ്ടന്റുകൊണ്ടും പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവം നല്‍കുന്ന സിനിമ തന്നെയാണ് പ്രാവിന്‍കൂട് ഷാപ്പ്.

Content Highlight: Film Review Of Pravinkoodu Shappu Movie

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം