കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, മീനത്തില്‍ താലിക്കെട്ട്, ഒരു വടക്കന്‍ വീരഗാഥ, പുറപ്പാട്, കാക്കയ്ക്കും പൂച്ചക്കും കല്യാണം, ദളപതി, മൃത്യുഞ്ജയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ബാലതാരമായി എത്തിയിട്ടുള്ള നടിയാണ് അമ്പിളി. എന്നാല്‍ മമ്മൂട്ടി നായകനായി എത്തിയ വാത്സല്യം എന്ന സിനിമയിലെ നടിയുടെ അഭിനയം ഇന്നും മലയാളികള്‍ ഓര്‍ക്കുന്നതാണ്.
ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് അമ്പിളി എത്തിയത്. ലോഹിതദാസിന്റെ രചനയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം 1993ലായിരുന്നു പുറത്തിറങ്ങിയത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് അമ്പിളി.
‘ക്ലൈമാക്‌സില്‍ അവര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിട്ടാണ് മറ്റൊരു സ്ഥലത്ത് പോയി താമസിക്കുന്നത്. അവിടെ കുന്ന് പോലെയുള്ള സ്ഥലത്ത് അവര്‍ ജീവിതം ഒന്നു മുതല്‍ക്കേ തന്നെ തുടങ്ങുകയാണ്. ആ ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അടുപ്പില്‍ വെക്കാന്‍ നല്ല മരത്തിന്റെ വിറകായിരുന്നു മുറിച്ച് തന്നത്.
എന്നോട് ഹനീഫിക്ക കൃത്യമായി ആ സീനും അവരുടെ സാഹചര്യവും ബ്രീഫ് ചെയ്ത് തന്നിരുന്നു. ‘അവര്‍ വളരെ ബുദ്ധിമുട്ടിയിട്ടാണ് ഇവിടെ വന്നു നില്‍ക്കുന്നത്. മോള് അനിയനെ നോക്കണം. അടുപ്പില്‍ ഊതുമ്പോള്‍ കണ്ണില്‍ പുക വരും’ എന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നിരുന്നു.
അവരുടെ അപ്പോഴുള്ള അവസ്ഥയുടെ കാഠിന്യം കാണിക്കാന് വേണ്ടിയായിരുന്നു അത്. മകള്‍ കഞ്ഞിയുണ്ടാക്കുമ്പോള്‍ അച്ഛനും അമ്മയുമൊക്കെ അവിടെ കൃഷി ചെയ്യാനുള്ള പരിപാടി നോക്കുകയാണ്. വെള്ളമില്ലാത്ത സ്ഥലവുമാണ്.
അതുകൊണ്ട് തന്നെ ഷൂട്ടിന്റെ സമയത്ത് നല്ല വിറക് കൊണ്ടുവന്നു തന്നപ്പോള്‍ ഇങ്ങനെയുള്ള വിറക് ആര് വെക്കും എന്നായിരുന്നു ഞാന്‍ ആദ്യം തന്നെ ചോദിച്ചത്. അത്തരം വിറകുകള്‍ അവിടെ അവര്‍ക്ക് കിട്ടില്ലല്ലോ. അവര്‍ അത്രയും പാവപ്പെട്ട ആളുകളല്ലേ.
അങ്കിളേ ഇത് ശരിയാകില്ലെന്ന് ഞാന്‍ പറഞ്ഞു. അതിന് പകരം വാടിയോ മാവിന്റെ ഇലയോ നാശമായിട്ടുള്ള വടികളോ മറ്റോ വെക്കാമെന്നും ഞാന്‍ പറയുകയായിരുന്നു. അന്ന് അത് പറയാന്‍ ഉണ്ടായ കാരണം എന്താണെന്ന് എനിക്ക് ഓര്‍മയില്ല. ചിലപ്പോള്‍ ലോജിക്ക് ഉപയോഗിച്ച് ചിന്തിച്ചത് കൊണ്ടാകും. അന്ന് എനിക്ക് ഒരു പത്ത് വയസൊക്കെ ഉണ്ടായിരുന്നു,’ അമ്പിളി പറഞ്ഞു.
Content Highlight: Ambili Talks About Vatsalyam Movie Climax Scene Shooting