ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഗല്ലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ആദ്യ ഇന്നിങ്സില്‍ ലങ്കയ്ക്കെതിരെ മികച്ച സ്‌കോറാണ് കങ്കാരുപ്പട നേടിയത്. ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 600 റണ്‍സാണ് സ്വന്തമാക്കിയത്.
ഓസീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തുമാണ്. ഖവാജ 352 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 323 റണ്‍സ് നേടിയാണ് താരം പുറത്തായത്. മാത്രമല്ല തന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിനേടാനും താരത്തിന് സാധിച്ചു.
ശ്രീലങ്കയില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമാകാനും ഖവാജയ്ക്ക് സാധിച്ചിരുന്നു. ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഖവാജയ്ക്ക് സാധിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റ റെക്കോഡ് മറികടക്കാനാണ് ഖവാജയ്ക്ക് സാധിച്ചത്. ശ്രീലങ്കയില്‍ ഡബില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം ചെന്ന താരമാകാനാണ് ഖവാജയ്ക്ക് സാധിച്ചത്.
ശ്രീലങ്കയില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന പ്രായം കൂടിയ താരം, വയസ്
ഉസ്മാന്‍ ഖവാജ (ഓസ്‌ട്രേലിയ) – 38
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) – 37
കുമാര്‍ സങ്കക്കാര (ശ്രീലങ്ക) – 36
താരത്തിന് പുറമെ മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. 251 പന്തില്‍ നിന്ന് 141 റണ്‍സ് നേടി ഫോര്‍മാറ്റിലെ 35ാം സെഞ്ച്വറി നേടിക്കൊണ്ടാണ് താരം പുറത്തായത്. ജോഷ് ഇംഗ്ലിസ് 91 പന്തില്‍ നിന്ന് 102 റണ്‍സ് നേടി തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാണ് കളം വിട്ടത്. മത്സരം പുരോഗമിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത് അലക്‌സ് കാരിയും (25) ബ്യൂ വെബ്‌സ്റ്ററുമാണ് (10).
മത്സരത്തില്‍ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ട്രാവിസ് ഹെഡാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ ഹെഡിനെ പുറത്താക്കി പ്രഭാത് ജയസൂര്യ ടീമിന് ബ്രേക് ത്രൂ നല്‍കി. 40 പന്തില്‍ 57 റണ്‍സ് നേടിയാണ് ഹെഡ് പുറത്തായത്.
വണ്‍ ഡൗണായെത്തിയ മാര്‍നസ് ലബുഷാന്‍ 50 പന്തില്‍ 20 റണ്‍സുമായും കളം വിട്ടു. ലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നത് പ്രഭാത് ജയസൂര്യയാണ്. ഹെഡിന് പുറമെ ജോഷ് ഇംഗ്ലിസിനെയും ഖവാജയേയും പുറത്താക്കിയത് പ്രഭാതായിരുന്നു. ജെഫ്രി വാണ്ടര്‍സെ രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.
Content Highlight: Usman Khawaja In Great Record Achievement