Kerala News
ഇന്ത്യയുടെ പല ഭാഗങ്ങളിലും രാത്രിയും പകലുമെന്നില്ലാതെ യാത്ര ചെയ്തിട്ടുണ്ട്, ഇന്ന് കോഴിക്കോട്ടങ്ങാടിയിലുണ്ടായ അനുഭവം ആദ്യം: മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞ് ആഷിഖ ഖാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Wednesday, 16th April 2025, 12:51 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വെച്ച് പുലർച്ചെ മോശം അനുഭവം നേരിട്ടെന്ന വെളുപ്പെടുത്തലുമായി യുവതി. സാമൂഹ്യപ്രവർത്തക കൂടിയായ ആഷിഖ ഖാനമാണ് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങവേയായിരുന്നു തനിക്ക് ദുരനുഭവമുണ്ടായതെന്ന് ആഷിഖ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടി പുറത്തിറങ്ങിയാൽ ഒട്ടും സേഫ് അല്ലാത്ത രൂപത്തിലേക്ക് നാട് അധപതിച്ചു പോയെന്നും അതിന് പരിഹാരം കണ്ടേ പറ്റൂ എന്നും ആഷിഖ പറഞ്ഞു.

‘മുംബൈയോ നമ്മൾ ഭീകരമെന്ന് മുദ്ര കുത്തുന്ന ഉത്തരേന്ത്യയിലോ അല്ല നമ്മുടെ കോഴിക്കോട് വെച്ച് എനിക്ക് നേരിട്ട അനുഭവം പറയാനാണ് ഈ വീഡിയോ ചെയ്യുന്നത്. ഇതിനെതിരെ ഒരു പരിഹാരം കാണാതെ നമുക്ക് പീഡനത്തിനിരയാകുന്ന പെൺകുട്ടികൾക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കാനോ മെഴുകുതിരി കത്തിക്കാനോ ഒരു അർഹതയുമില്ല. ഇന്നലെ എറണാകുളത്ത് നിന്നും ഒരു പരിപാടി കഴിഞ്ഞ് പുലർച്ചെ അഞ്ചര മണിക്ക് കോഴിക്കോട് എത്തി. എനിക്ക് വളരെ ഫെമിലിയറായിട്ടുള്ള ഒരു റൂട്ടായതിനാൽ നേരം വെളുത്ത് തുടങ്ങുന്നേ ഉള്ളു എന്നത് ഒരു പ്രശ്നമാക്കാതെ സ്റ്റേഷനിൽ നിന്നും ഇറങ്ങി നടന്നു.

എസ്.എം സ്ട്രീറ്റ് ക്രോസ് ചെയ്ത് എൽ.ഐ.സിയുടെ ഭാഗത്ത് എത്തിയപ്പോൾ ഒരാൾ വന്ന് ഡബിൾ നമീനിങ് ഉള്ള ഒരു ചോദ്യം ചോദിച്ചു. തിരിച്ച് അയാളോട് ദേഷ്യപ്പെട്ട ഞാൻ. മറ്റൊരു സ്ഥലത്തേക്ക് നടന്നു. ഫോണിൽ എന്റെ ഉപ്പ കണക്ടഡ് ആയിരുന്നു. ഉപ്പ എന്നോട് സേഫ് ആയിരിക്കാൻ പറയുന്നുണ്ടായിരുന്നു. പാലാഴി ഭാഗത്തേക്കായിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്. അങ്ങോട്ട് പോകാനുള്ള ബസ് എത്താൻ വൈകുന്നതിനാൽ ഞാൻ മാനാഞ്ചിറയുടെ ഗേറ്റിന് മുന്നിലേക്ക് പോയി.

അവിടെ എത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് പറഞ്ഞു ആരോ എന്നെ ഫോളോ ചെയ്യുന്നുണ്ടെന്ന്. ഞാൻ അവിടെ നിന്ന് വേഗം ബസ് സ്റ്റോപ്പിലേക്ക് പോയി. നേരത്തെ ഡബിൾ മീനിങ് ചോദ്യം ചോദിച്ച ആൾ പിന്നെയും എന്റെ അടുത്തേക്ക് വന്ന് മോശമായി സംസാരിച്ചു. ഞാൻ അയാളോട് ചൂടായി. അയാൾ പോയി കുറച്ച് കഴിഞ്ഞ് പിന്നെയും തിരിച്ച് വന്നു. ആകെ ഭയന്ന എനിക്ക് അവിടെ നിന്നും എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി. അതുവഴി പോയ ഒരു ഓട്ടോക്കാരൻ എന്റെ മുഖഭാവം കണ്ട് സഹതാപം തോന്നി വണ്ടി നിർത്തി. ഓട്ടോയിൽ കയറി ഞാൻ എന്നെ ആളുകളുള്ള ഒരിടത്ത് ഇറക്കാൻ പറയുകയായിരുന്നു,’ ആഷിഖ പറഞ്ഞു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും രാത്രിയും പകലുമെന്നില്ലാതെ താൻ യാത്ര ചെയ്തിട്ടുണ്ടെന്നും എന്നാൽ പക്ഷെ ഇന്ന് കോഴിക്കോട്ടങ്ങാടിയിൽ ഉണ്ടായ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും ആഷിഖ വീഡിയോയിൽ പറഞ്ഞു. ചുറ്റുവട്ടത്ത് ഒരു സി.സി.ടി.വി ക്യാമറ എങ്കിലും ഉണ്ടാവാതിരിക്കില്ലെന്നും റെക്കോർഡുകൾ ഉണ്ടാകുമെന്നും ആഷിഖ പറഞ്ഞു. അത്തരം റെക്കോർഡുകൾ ലഭിച്ചാൽ നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാ-ശിഷു ക്ഷേമ വകുപ്പ് വെറുമൊരു പേരിന് ഉള്ളതല്ലെന്നും, അവർ ഈ വിഷയത്തെ അഡ്രസ് ചെയ്യുമെന്ന് തന്നെ വിശ്വസിക്കുന്നതായും ആഷിഖ ഖാനം പറഞ്ഞു.

 

 

Content Highlight: I have traveled to many parts of India day and night, but today’s experience in Kozhikode is the first: Aashiqa Khanam talks about her bad experience