national news
കുംഭമേള അപകടം; വി.വി.ഐ.പി പാസുകള്‍ നിര്‍ത്തലാക്കി യു.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 30, 10:38 am
Thursday, 30th January 2025, 4:08 pm

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേളയില്‍ മുപ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടമുണ്ടായതിന് പിന്നാലെ വി.വി.ഐ.പി പാസുകള്‍ നിര്‍ത്തലാക്കി യു.പി സര്‍ക്കാര്‍. വി.വി.ഐ.പികള്‍ക്കായുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചതാണ് തിരക്ക് വര്‍ധിക്കാനും അപകടമുണ്ടാവാനും കാരണമായതെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.

കുംഭമേളയിലെ പുണ്യദിവസമായി വിശ്വാസികള്‍ കണക്കാക്കുന്ന മൗനി അമാവാസി ദിനമായ ഇന്നലെ കോടിക്കണക്കിന് ആളുകള്‍ പുണ്യസ്‌നാനത്തിനിറങ്ങിയപ്പോള്‍ നിരവധി ആളുകള്‍ മരിക്കുകയും 60തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിശ്വാസികളുടെ സംഘം മൂഖ് ഭാഗത്തേക്ക് കടക്കാനുളള ശ്രമത്തിനിടെ ബാരിക്കേഡുകള്‍ തള്ളിയതാേടെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കൊല്ലപ്പെട്ടതാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

കുംഭമേള നടക്കുന്ന സ്ഥലത്ത് സമ്പൂര്‍ണ വാഹന നിരോധനം ഏര്‍പ്പെടുത്താനും വി.വി.ഐ.പി പാസുകള്‍ റദ്ദാക്കിയതായും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങളും നിരോധിക്കുകയും അതിര്‍ത്തികളില്‍ വാഹനം തടഞ്ഞുനിര്‍ത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി നാല് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ക്രൗഡ് മാനേജ്‌മെന്റ് ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഐ.എ.എസ് ഓഫീസര്‍മാരുടെ സംഘവും പ്രയാഗ് രാജിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.

അപകടത്തെ തുടര്‍ന്ന്, കുംഭമേളക്ക് എത്തിയ വി.ഐ.പികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് വി.ഐ.പികള്‍ക്കുള്ള പ്രവേശനം ഇതിന് പിന്നാലെ യു.പി സര്‍ക്കാര്‍ തടസപ്പെടുത്തിയിരുന്നു.

അപകടത്തിന് പിന്നാലെ കുംഭമേളയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ യു.പി സര്‍ക്കാരിന് പാളിച്ച പറ്റിയതായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കണക്ക് കൂട്ടിയതിലും അധികം ആളുകള്‍ എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു.

Content Highlight: Kumbh Mela accident; UP government has stopped VVIP passes