മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ നടന്‍ ആസിഫ് അലിയും സംഗീത സംവിധായകന്‍ രമേശ് നാരായണനും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോ ഈയിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കഴിഞ്ഞ വര്‍ഷം ഒരു പുരസ്‌കാര ദാന ചടങ്ങില്‍ ആസിഫ് അലിയെ അപമാനിച്ചുവെന്ന പേരില്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനങ്ങളുണ്ടായിരുന്നു. എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ആന്തോളജി സീരീസായ ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെയായിരുന്നു സംഭവം.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ വെച്ച് താന്‍ രമേശ് നാരായണനെ കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. താന്‍ കാരണം അദ്ദേഹം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നാണ് ആസിഫ് പറയുന്നത്.
അദ്ദേഹത്തെ അന്ന് കണ്ടപ്പോള്‍ സംസാരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് അടുത്തേക്ക് ചെന്നതെന്നും തനിക്ക് അറിയാവുന്ന ആരെ കണ്ടാലും ശീലിച്ച കാര്യമാണ് കെട്ടിപിടുത്തമെന്നും നടന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഞാന്‍ പെരുമാറുമ്പോള്‍ ഒരുപാട് ആലോചിച്ചോ കണക്കുകൂട്ടിയോ അല്ല പെരുമാറുക. അങ്ങനെയുള്ള ആളല്ല ഞാന്‍. എന്റെ മനസില്‍ തോന്നുന്നതാണ് ഞാന്‍ ചെയ്യുന്നതെല്ലാം.
അദ്ദേഹത്തെ അന്ന് കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കണമെന്ന് തോന്നി. ഞാന്‍ കാരണം ഒരുപാട് ബുദ്ധിമുട്ട് അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. ആ കാര്യം അന്ന് പ്രസ് മീറ്റില്‍ ഞാന്‍ പറഞ്ഞതാണ്.
അന്ന് നേരിട്ട് കണ്ടപ്പോള്‍ സംസാരിക്കാന്‍ തോന്നിയത് കൊണ്ട് അടുത്തേക്ക് ചെന്നു. എനിക്ക് അറിയാവുന്ന ആരെ കണ്ടാലും ഞാന്‍ ആദ്യം ചെയ്യുന്ന, അല്ലെങ്കില്‍ ഞാന്‍ ശീലിച്ച കാര്യമാണ് കെട്ടിപിടുത്തം.
അത് ഓട്ടോമാറ്റിക്കലി സംഭവിക്കുന്നതാണ്. അല്ലാതെ അതിനൊരു അറ്റഷന്‍ കിട്ടുമെന്നോ അറ്റന്‍ഷന്‍ വേണമെന്നോ കരുതി ചെയ്തതല്ല. സംഭവിച്ചു പോയ കാര്യമാണ് (ചിരി),’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Ramesh Narayanan