national news
ബലാത്സംഗ കേസ്; വാര്‍ത്താസമ്മേളനത്തിനിടെ സീതാപൂര്‍ കോണ്‍ഗ്രസ് എം.പി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 30, 10:23 am
Thursday, 30th January 2025, 3:53 pm

ലഖ്നൗ: ബലാത്സംഗ കേസില്‍ സീതാപൂര്‍ കോണ്‍ഗ്രസ് എം.പി രാകേഷ് റാത്തോഡ് അറസ്റ്റില്‍. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയത്തില്‍ ഇടം നല്‍കാമെന്നും വാഗ്ദാനം നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയില്‍ നിന്നാണ് ഉത്തര്‍പ്രദേശ് സീതാപൂര്‍ എം.പി അറസ്റ്റിലായത്.

Rakesh Rathore

പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രാകേഷിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് രാകേഷ് റാത്തോഡിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സഹായം നല്‍കേണ്ട സാഹചര്യമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഇതിനുപിന്നാലെയാണ് എം.പി അറസ്റ്റിലായത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസാണ് എം.പിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എഫ്.ഐ.ആറിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതിനായി വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജനുവരി 21ന് എം.പിക്ക് പരാതിയിന്മേല്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പരാതിയില്‍ വിശദീകരണം നല്‍കാനോ കീഴടങ്ങാനോ രാകേഷ് തയ്യാറായിരുന്നില്ല.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതിയും പൊലീസിന് മുമ്പാകെ രാകേഷ് കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതോടെ ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 1.30 ഓടെ രാകേഷിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതായി സീതാപൂര്‍ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു.

നേരത്തെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (യു.പി.സി.സി) അധ്യക്ഷന്‍ അജയ് റായ് രാകേഷിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജനുവരി 23ന് സീതാപൂര്‍ എം.പി/എം.എല്‍.എ കോടതിയും കോണ്‍ഗ്രസ് എം.പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Content Highlight: Abuse case; Sitapur Congress MP Rakesh Rathore arrested during press conference