ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം അര്‍ജന്റീനയുടെ വിജയത്തിനൊപ്പം മത്സരത്തില്‍ ഉയര്‍ന്ന കാര്‍ഡുകളുടെ എണ്ണം കൊണ്ടും ചര്‍ച്ചയായിരുന്നു.
ഇരു ടീമംഗങ്ങളും ടീമിലെ ഒഫീഷ്യല്‍സും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനാണ് മത്സരം സാക്ഷിയായത്. ആകെ 18 കാര്‍ഡുകളാണ് മത്സരത്തില്‍ കളി നിയന്ത്രിച്ച റഫറിയായ അന്റോണിയോ മത്തെഹൂ ലാഹോസ് ഉയര്‍ത്തിയത്. അതില്‍ 18 മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും ഉള്‍പ്പെടും.
അര്‍ജന്റീനയുടെ എട്ട് താരങ്ങള്‍ക്കും 2 ഒഫീഷ്യല്‍സിനും നെതര്‍ലാന്‍ഡ്‌സിന്റെ ഏഴ് താരങ്ങള്‍ക്കുമാണ് ലാഹോസ് മഞ്ഞ ക്കാര്‍ഡ് നല്‍കിയത്. ഇതില്‍ തന്നെ തുടര്‍ച്ചയായ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ഡച്ച് താരം ഡെന്‍സെല്‍ ഡംഫ്രൈസ് ചുവപ്പ് കാര്‍ഡ് കണ്ട് മത്സരത്തിന് പുറത്ത് പോയിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡ് ഉയര്‍ന്ന മത്സരം എന്ന റെക്കോര്‍ഡ് ഇതോടെ അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന് ലഭിച്ചു.
എന്നാലിപ്പോള്‍ മത്സരത്തിലുണ്ടായ അച്ചടക്ക ലംഘനത്തിനെതിരെ അര്‍ജന്റൈന്‍, ഹോളണ്ട് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങുകയാണ് ഫിഫ.
Just look at this outrageous madness of a yellow card😂😂 pic.twitter.com/Get0Rai4Tf
— DesmundOris (@Desmund_Oris) December 10, 2022
മത്സരം നിയന്ത്രിച്ച മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഇരു ടീമുകള്‍ക്കുമെതിരെ അന്വേഷണം ആരംഭിക്കുമെന്ന് ഫിഫയുടെ അച്ചടക്ക സമിതി പ്രസ്താവനയില്‍ പറഞ്ഞു.
ഫിഫ അച്ചടക്ക കോഡിലെ ആര്‍ട്ടിക്കിള്‍ 12(കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും മോശം പെരുമാറ്റം), ആര്‍ട്ടിക്കിള്‍ 16 (മത്സരങ്ങളിലെ ക്രമവും സുരക്ഷയും) എന്നീ വകുപ്പകള്‍ പ്രകാരമാണ് അര്‍ജന്റീനക്കും നെതര്‍ലാന്‍ഡ്സിനും എതിരെ അന്വേഷണം നടത്തുക.
വലിയ പിഴ അടക്കമുള്ള നടപടികള്‍ ഇരു ടീമുകളും നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കടന്ന് സെമിയുറപ്പിച്ച അര്‍ജന്റീനക്കാകും ഫിഫയുടെ അന്വേഷണ റിപ്പോര്‍ട്ട് കൂടുതല്‍ വിനയാകുക.
അതേസമയം, അധികസമയത്ത് 2-2 എന്ന രീതിയില്‍ അവസാനിച്ച ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലായിരുന്നു അര്‍ജന്റീന വിജയിച്ചത്. നെതര്‍ലാന്‍ഡ്‌സിന്റെ ആദ്യത്തെ രണ്ട് കിക്കുകള്‍ അടക്കം തടഞ്ഞ ഗോളി എമിലിയാനോ മാര്‍ട്ടീനസിന്റെ മികച്ച പ്രകടനമാണ് അര്‍ജന്റീനയെ തുണച്ചത്.
ഡിസംബര്‍ 14ന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെയാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.
Content Highlight: FIFA is ready to investigate the match between Holland and Argentina