Advertisement
Entertainment news
ചില നടി-നടന്മാര്‍ പ്രശ്‌നമുണ്ടാക്കുന്നു, സഹകരിക്കാത്തവരുടെ പേരുകള്‍ വ്യക്തമാക്കും; സിനിമാതാരങ്ങള്‍ക്കെതിരെ ഫെഫ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 18, 09:19 am
Tuesday, 18th April 2023, 2:49 pm

ചില നടി- നടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ഒരേ സമയം പല സിനിമകള്‍ക്ക് ചിലര്‍ ഡേറ്റ് നല്‍കുന്നുണ്ടെന്നും ചിലര്‍ സിനിമയുടെ എഡിറ്റ് അപ്പോള്‍ കാണിക്കണമെന്ന് പറയുന്നുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ചിലര്‍ അവരെ മാത്രം അല്ല അവര്‍ക്ക് വേണ്ടപ്പെട്ടവരെയും സിനിമയുടെ എഡിറ്റ് കാണിക്കണമെന്ന് ആവശ്യപ്പെടുന്നതായും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

‘നടി-നടന്‍മാര്‍ ഒരേ സമയം പല സിനിമകള്‍ക്ക് തീയതി കൊടുക്കുന്നുണ്ട്, ‘അമ്മ’ അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല. ചില അഭിനേതാക്കള്‍ എഡിറ്റ് കാണിക്കാന്‍ ആവശ്യപ്പെടുകയാണ്.

ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാന്‍ ഒരു നടന്‍ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്.

പണം മുടക്കിയ നിര്‍മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാല്‍ സര്‍ഗാത്മകമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കും,” ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുക്കുന്ന ഏത് തീരുമാനത്തോടും ഒപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്നവരോട് അതിനായി തങ്ങളുടെ അവകാശങ്ങള്‍ ബലികഴിക്കാന്‍ സമ്മതമല്ലെന്നും ഫെഫ്ക വ്യക്തമാക്കി.

കെ.എസ്.എം.ഡി.സി സിനിമാ മേഖലയില്‍ സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്താന്‍ മുന്നോട്ട് വന്നതിന്റെ തുടര്‍ച്ചയെന്നോണം അത്തരം സിനിമകള്‍ തിയേറ്ററില്‍ നിലനിര്‍ത്താന്‍ കൂടി മുന്‍കൈ എടുക്കണമെന്ന അഭിപ്രായവും ഫെഫ്ക മുന്നോട്ട് വച്ചു.

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക്ക നില്‍ക്കുമെന്നും നിര്‍മാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

content highlight: FEFKA against film actors