വാര്‍സോ: പോളണ്ടില്‍ നടക്കുന്ന ഓഷ്‌വിറ്റസ് വിമോചനത്തിന്റെ 80ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇക്കാരണത്താല്‍ പോളണ്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്താലാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.
ജനുവരി 27ന് നടക്കുന്ന ഓഷ്‌വിറ്റസ് അനുസ്മരണ പരിപാടിയില്‍ നെതന്യാഹുവും ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും പങ്കെടുക്കില്ലെന്ന് പോളിഷ് മാധ്യമമായ റസെക്സ്പോസ്പൊളിറ്റ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രഈല്‍ വിദ്യാഭ്യാസ മന്ത്രിയായ യോവ് കിഷ് അനുസ്മരണത്തില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ കാലത്ത് ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ സ്ഥാപിച്ച കോണ്‍സട്രേഷന്‍ ക്യാമ്പാണ് ഓഷ്‌വിറ്റ്‌സ്. 1945 ജനുവരി 27ന് സോവിയേറ്റ് റെഡ് ആര്‍മിയുടെ കാലത്താണ് ഈ ക്യാമ്പ് ഒഴിപ്പിക്കുന്നത്. അതോടെ എല്ലാ വര്‍ഷവും ഈ ദിനം അന്താരാഷ്ട്ര ഹോളോകോസ്റ്റ് ദിനമായി ആചരിച്ച് പോരുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ ഈ ദിനത്തില്‍ പോളണ്ടിലെ ചടങ്ങില്‍ ഒത്തുകൂടാറുണ്ട്.
ഐ.സി.സിയുടെ തീരുമാനങ്ങളെ അനുസരിക്കാന്‍ പോളണ്ട് പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങ് സംഘടിപ്പിക്കുന്ന പോളണ്ടിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്‌ളാഡിസ്ലാവ് ബാര്‍ട്ടോസെവ്‌സ്‌കി പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രമിനല്‍ കോടതി (ഐ.സി.സി) നെതന്യാഹുവിനും മുന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഗസയില്‍ നടത്തുന്ന യുദ്ധക്കുറ്റം ആരോപിച്ച് ഇരുവരുടേയും പേരില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് വിധി പറഞ്ഞ ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രഈല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു.