ഈ പൊലീസിനാണ് നിങ്ങള്‍ മജിസ്റ്റീരിയല്‍ അധികാരം കൊടുക്കുന്നത്
FB Notification
ഈ പൊലീസിനാണ് നിങ്ങള്‍ മജിസ്റ്റീരിയല്‍ അധികാരം കൊടുക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2019, 2:35 pm

വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി ഇടിച്ചും തൊഴിച്ചും ചവിട്ടിയും കൊന്നത് കേരളത്തിലെ പൊലീസാണ്. വെറും പൊലീസല്ല, ഒരു പോലീസ് സൂപ്രണ്ട് നിയമവിരുദ്ധമായി ഉണ്ടാക്കിയ ഒരു പോലീസ് സംഘമാണ് അയാളെ പിടിച്ചുകൊണ്ടുപോയത്.

വിനായകന്‍ എന്ന ചെറുപ്പക്കാരനെ മര്‍ദ്ദിച്ചു ആത്മഹത്യയിലെത്തിച്ചത് പൊലീസാണ്; കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊലയാളികള്‍ക്ക് വിട്ടുകൊടുത്തത് പൊലീസാണ്. ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വേറൊരു പോലീസുകാരന്റെ മകള്‍ അടിച്ചുകൊല്ലാറാക്കിയിട്ടു ഒന്നും സംഭവിക്കാതെ പോയത് ഈ കേരളത്തിലാണ്. ഒരു റാങ്കിനുമാത്രം താഴെയുള്ള ഒരു പോലീസ് ഓഫീസറെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും പോലീസുകാരന്‍ തന്നെ.

ഇതൊക്കെ നമ്മള്‍ അറിയുന്ന കേസുകള്‍.

ഈ പോലീസുകാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം കൂടി നല്‍കാനാണ് മുഖ്യമന്ത്രിയ്ക്ക് തിടുക്കം. മുഖ്യമന്ത്രി ഒരു കാര്യം മാത്രം ആലോചിച്ചാല്‍ മതി: പോലീസ് സേനയ്ക്ക് കൊടുത്ത അധികാരം എത്രമാത്രം അവര്‍ ദുരുപയോഗിക്കുന്നു എന്ന്. കെവിന്‍ കൊലക്കേസിലെ എസ് ഐ യെ സര്‍വീസില്‍ തിരിച്ചെടുത്തത്തതുമുതല്‍ ഫ്രാന്‍കോ കേസിലെ ഡി വൈ എസ് പിയെ സ്ഥലം മാറ്റിയതുവരെ തെറ്റായ കാര്യങ്ങള്‍ നിര്‍ത്തിക്കാന്‍ പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന് എത്രപ്രാവശ്യം ഇടപെടേണ്ടി വന്നു എന്ന്.

എന്നിട്ടു മജിസ്റ്റീരിയല്‍ അധികാരം കൊടുക്കാന്‍ പോകുന്ന ഉദ്യോഗസ്ഥന്റെ പ്രൊഫൈലോ? കൊച്ചിയില്‍ അത് വിജയ് സാഖറെ ആണ്; കൊലക്കേസ് പ്രതിയെ തല്ലിക്കൊന്ന കേസില്‍ ഐ പി എസുകാരന്റെ ബാറ്റന്‍കൊണ്ടുള്ള മര്‍ദ്ദനം ഏറ്റിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിട്ടും രക്ഷപ്പെട്ട പോലീസുകാരില്‍ ഒരാള്‍.

പോലീസിനുമേല്‍ എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റുമാര്‍ക്കുള്ള നിയന്ത്രണാധികാരം വളരെ പരിമിതമാണ്; പക്ഷെ അത് പൗരാവകാശങ്ങള്‍ക്കു വിലകൊടുക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ചെക്ക് ആന്‍ഡ് ബാലന്‍സിന്റെ ഭാഗമാണ്. അതുവേണ്ടെന്നുവയ്ക്കാനും ഈ പോലീസിനെ നിയന്ത്രിക്കാന്‍ അവര്‍ മാത്രം മതി എന്നും സര്‍ക്കാര്‍ കരുതുന്നുണ്ട് എങ്കില്‍ അത് ജനങ്ങളോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ പറ്റൂ.

WATCH THIS VIDEO: