പണ്ടാണ്, തല മേപ്പോട്ടാക്കി നെഞ്ച് വിരിച്ച് നാട്ടിലെ ബസ്സില്‍ പണം കൊടുക്കാതിരിക്കുന്ന മാന്യരെ കാണാം. കണ്ടക്ടര്‍ അടുത്തെത്തുമ്പോള്‍ അവര്‍ പറയും “പി.സി.” കണ്ണുമിഴിച്ച് ഞാനത് നോക്കി നില്‍ക്കാറുണ്ട്. അന്നൊന്നും പി.സി യുടെ അര്‍ത്ഥം എനിക്കറിഞ്ഞുകൂടായിരുന്നു. പി.സിയെന്നാല്‍ പ്രത്യേകാധികാരങ്ങള്‍ ഉള്ളവന്‍ എന്ന് മാത്രമേ അന്നറിയൂ. ഒരു പി.സിയെ കണ്ടിട്ട് കുറേക്കാലമായി, ഇന്നലെ വീണ്ടും അതിന് ഭാഗ്യമുണ്ടായി, ബസ്സിലല്ല – റോഡില്‍.
തൃശൂര്‍ പാലയിക്കര ടോള്‍ പ്ലാസയില്‍ രാത്രി 11.30 നാണ് സംഭവം. ആഢംബര വാഹനത്തില്‍ പി.സി എത്തുന്നു. അഞ്ചുമിനിറ്റോളം വെയ്റ്റ് ചെയ്തിട്ടും ആരും അയാളെ തിരിഞ്ഞു നോക്കിയില്ലത്രേ. നോക്കിപ്പിക്കാന്‍ ബാരിക്കേഡ് വലിച്ച് അയാള്‍ ദൂരെ എറിയുന്നു, എത്ര മനോഹരമായ മനോനില.
Also Read:ഇനി ഫോര്‍വേഡ് മെസേജുകള്‍ അഞ്ച് പേര്‍ക്ക് മാത്രം; വ്യാജ വാര്‍ത്തകള്‍ തടയാനൊരുങ്ങി വാട്‌സ് ആപ്പ്
എം.എല്‍.എ യുടെ അഞ്ചു മിനുട്ടിന് ഈ സ്റ്റേറ്റിലെന്ത് വിലയാണ്. ടി ടോള്‍ പ്ലാസയില്‍ കാത്ത് കെട്ടിക്കിടക്കുന്ന പ്രജ എന്താണ് സര്‍ ചെയ്യേണ്ടത് ? ബാരിക്കേഡ് വലിച്ചെറിഞ്ഞ് സര്‍വതും അടിച്ചു തകര്‍ത്ത് പൊക്കോട്ടെ സര്‍ ? അങ്ങയോട് ചെയ്തത് തന്നെ സ്റ്റേറ്റും പോലീസും ഞങ്ങളോടും ചെയ്യുമല്ലേ. അങ്ങ് വരും മുമ്പേ ക്യൂവിലായിരുന്ന ജനങ്ങളുണ്ട്, അവരെ കടത്തി വിടാതെ അങ്ങോടിയൊരോട്ടമുണ്ടല്ലോ സര്‍ അതില്‍പ്പരം എന്ത് വൃത്തികേടാണ് ഒരു ജനപ്രതിനിധിക്ക് ചെയ്യാനാവുക. ഞങ്ങളെയൊക്കെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിവാരങ്ങളുമായി നിങ്ങളൊക്കെ എങ്ങോട്ടേക്കാണ് സര്‍ എപ്പോഴുമിങ്ങനെ പരക്കം പായുന്നത് ?
പലവിധം നേതാക്കന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ ജനതയ്ക്ക് നടക്കാന്‍ വഴിവെട്ടുന്നവരെ കണ്ടിട്ടുണ്ട്, അതിനൊന്നും മിനക്കെടാത്തവരെയും കണ്ടിട്ടുണ്ട്. തനിക്ക് കാറോടിക്കാന്‍ പരസ്യമായി വഴിവെട്ടുന്ന നേതാവിനെ ആദ്യമായി കാണുകയാണ്. അതുകണ്ട് അയാളുടെ ജനത കോള്‍മയിര്‍ കൊള്ളുന്നു.
Also Read:മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ഖജനാവിന് നഷ്ടമായത് 1484 കോടി രൂപ
മേപ്പറഞ്ഞ പാലിയേക്കര ടോള്‍ പ്ലാസ മണ്ണുത്തി- ഇടപ്പള്ളി പാതയിലാണ്. ഇതിന്റെ നിര്‍മ്മാണ ചെലവ് 721.17 കോടി രൂപയാണ്. ഇതിനോടകം 500 കോടിയിലേറെ കമ്പനി പിരിച്ചെടുത്തു കഴിഞ്ഞു (2012 ഫെബ്രുവരി 9 മുതല്‍ 2017 ഏപ്രില്‍ 30 വരെ 454.89 കോടി ). 2028 വരെ ടോള്‍ പിരിക്കാന്‍ കരാറുണ്ട്. പ്രതിദിനം ശരാശരി 24000 വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട് മണ്ണുത്തി- ഇടപ്പള്ളി പാതയിലൂടെ. ഈ കണക്ക് വെച്ച് 2028 ആകുമ്പോഴേക്കും 2500-3000 കോടി രൂപ കമ്പനിക്ക് പിരിച്ചെടുക്കാനാകും.
അഞ്ചുവര്‍ഷം കൊണ്ട് 65 ശതമാനം പിരിച്ചെടുക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് ബാക്കി 35 ശതമാനം പിരിക്കാന്‍ ഇനിയും 10 വര്‍ഷങ്ങള്‍ എന്തിനാണ്? കരാര്‍ റീ സര്‍വ്വെ നടത്തേണ്ടതില്ലേ ? ടോള്‍ തുകയെങ്കിലും ആനുപാതികമായി കുറയ്‌ക്കേണ്ടതില്ലേ? ഈ ചോദ്യങ്ങളുന്നയിച്ചാണ് പാലിയേക്കരയില്‍ ടോള്‍ വിരുദ്ധ സമരം നടന്നത്. ആ സമരത്തോട് പി.സി.ജോര്‍ജിന്റെ നിലപാടെന്തായിരുന്നു. പാലിയേക്കരയിലെ ടോള്‍ പ്ലാസയെക്കുറിച്ച് ഇന്നോളം സഭയ്ക്കകത്തോ പുറത്തോ അയാള്‍ മിണ്ടിയിട്ടുണ്ടോ?
ഇതൊന്നുമല്ലല്ലോ, എം.എല്‍.എ ടോള്‍ കൊടുക്കേണ്ടതില്ലല്ലോ എന്നതല്ലേ ഇവിടുത്തെ പ്രശ്‌നം എന്നല്ലേ ? അതിലേക്കാണ് ഞാന്‍ വരുന്നത്. എം.എല്‍.എയ്ക്കെന്താണ് ടോള്‍ കൊടുക്കേണ്ടി വരാത്തത് എന്ന ചോദ്യം പോലും ഞാന്‍ മാറ്റിവെക്കാം.
Also Read:ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പരാതിയുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
സ്‌ട്രെയ്റ്റായി വിഷയത്തിലേക്ക് വരാം. എം.എല്‍.എ ടോള്‍ കൊടുക്കേണ്ടതില്ല എന്നത് മാത്രമാണ് പി.സി.ജോര്‍ജിന്റ പ്രശ്‌നം. തന്റെ പ്രിവിലേജിനെ ടോള്‍ പ്ലാസയിലെ തൊഴിലാളി മാനിച്ചില്ല എന്നതാണയാളെ ക്ഷുഭിതനാക്കിയത്. ഞാനോ നിങ്ങളോ അയാളുടെ വിഷയമല്ല. അയാള്‍ പൊതുതാല്പര്യ തല്പരനായ പി.സിയല്ല, വെറും പി.സി.യാണ്. തല മേപ്പോട്ടാക്കി നെഞ്ച് വിരിച്ച് അയാളുടെ കാറില്‍ അയാളങ്ങനെ ഇരിക്കും.
ആരെങ്കിലും അടുത്തെത്തുമ്പോള്‍ ഗൗരവത്തില്‍ പറയും പി.സി. കേട്ടില്ലെങ്കില്‍ അടിച്ച് ചെവിക്കല്ല് പൊളിക്കും. ആ കാഴ്ച കണ്ട് അഭിമാനം തോന്നുന്നത് ജന്മിത്ത കാലം മുതല്‍ ഉള്ളില്‍പ്പാര്‍പ്പു തുടങ്ങിയ വിധേയന്‍ നമ്മളെ വിട്ടു പോകാത്തത് കൊണ്ടാണ്.