ഫഹദ് ഫാസില്‍ അഭിനയിച്ച ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്ത് പരാജയപ്പെട്ടത് ആ ചിത്രത്തിന്റെ വിധി ആയിരുന്നെന്ന് സംവിധായകന്‍ ഫാസില്‍. ഫഹദിന്റെ ഉള്ളില്‍ ഒരു നല്ല നടന് വേണ്ട സ്പാര്‍ക്ക് ഉണ്ടെന്ന് താന്‍ മനസ്സിലാക്കിയിരുന്നെന്നും സിനിമ അന്ന് വിജയിക്കാതെ പോയത് ഫഹദിന്റെ കുഴപ്പം ആയിരുന്നില്ലെന്നും ഫാസില്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈ എത്തും ദൂരത്ത് ഷൂട്ടിനു മുമ്പ് ഫഹദിനോട് പലതും ചോദിച്ച്, പല കാര്യങ്ങളും ചെയ്യിപ്പിച്ച് ഒരു ഇന്റര്‍വ്യൂ വിഡിയോ ഷൂട്ട് ചെയ്തിരുന്നു. ആ വീഡിയോ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒക്കെ കാണിച്ച് അവര്‍ നല്ല അഭിപ്രായം പറഞ്ഞതിന് ശേഷമാണ് അന്ന് ഞാന്‍ അവനെ കാസ്റ്റ് ചെയ്തത്’, ഫാസില്‍ പറഞ്ഞു.
സിനിമയ്ക്ക് ശേഷം ഫഹദ് പിന്നീട് അമേരിക്കയില്‍ പഠിക്കാന്‍ പോയി, അപ്പോഴും അവന്റെ മനസ്സില്‍ സിനിമ തന്നെ ആയിരുന്നു. അവന്‍ മലയാള സിനിമയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു, അവന്‍ ‘വന്നു കണ്ടു കീഴടക്കി’ എന്ന് പറയും പോലെ ആണ് ഇപ്പോഴത്തെ സ്ഥിതി.’, ഫാസില്‍ പറഞ്ഞു.
ഫഹദിനെ വെച്ച് ഒരു ചിത്രം ചെയ്യുക എന്നുള്ളത് തന്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നെന്നും അപ്പോഴാണ് മലയന്‍ കുഞ്ഞിന്റെ കഥ കേള്‍ക്കുന്നതെന്നും കഥ വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടെന്നും ഫാസില്‍ പറഞ്ഞു.
സിനിമയില്‍ ഇതുവരെ നിലനില്‍ക്കുന്ന ബിംബങ്ങള്‍ തകര്‍ക്കുക എന്നുള്ളതാണ് ഞാന്‍ ഫഹദില്‍ കാണുന്ന ഗുണം. ഒരു തിരക്കുള്ള നായകനായി നില്‍ക്കുമ്പോള്‍ പോലും കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രം ചെയ്യുക എന്നുള്ളതൊക്കെ എടുത്തുപറയേണ്ട കാര്യമാണ്.
ഒരു ‘സോ കോള്‍ഡ് ചോക്‌ളേറ്റ്’ നായകനില്‍ നിന്നും വ്യത്യസ്തമായി ഹീറോ ഇമേജ് ഇല്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുക എന്നുള്ളത് ഒരു ആക്ടറിന്റെ ചാലഞ്ച് ആണെന്നും ഫാസില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക