Malayalam Cinema
മോഹന്‍ലാലിന്റെ നരേന്ദ്രന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, പക്ഷേ കുമ്പളങ്ങിയിലെ ഷമ്മി അത്ഭുതപ്പെടുത്തി: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 04, 09:39 am
Friday, 4th December 2020, 3:09 pm

മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നരേന്ദ്രന്‍ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ചെയ്ത ഷമ്മി അത്ഭുതപ്പെടുത്തിയെന്നും സംവിധായകന്‍ ഫാസില്‍.

നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ താന്‍ തന്നെ സൃഷ്ടിച്ചതുകൊണ്ടാണ് തനിക്ക് തന്നെ അത് അത്ഭുതമായി തോന്നാത്തതെന്നും മറ്റുള്ളവരെ അത് അത്ഭുതപ്പെടുത്തിക്കാണുമെന്നും ഫാസില്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കുമ്പളങ്ങിയിലെ ഷമ്മി എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫഹദ് നന്നായി ചെയ്തിട്ടുണ്ട്. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നില്‍ക്കുന്നതായിരുന്നല്ലോ. അതെന്നെ അത്ഭുതപ്പെടുത്തി’, ഫാസില്‍ പറഞ്ഞു.

നരേന്ദ്രന്‍ എന്ന കഥാപാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിക്കാണും. അതാണല്ലോ ആ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന് തിരക്കൊഴിയാത്തത്. ഇക്കാര്യം വിയറ്റ്‌നാം കോളനിയുടെ സെറ്റില്‍വെച്ച് ലാല്‍ തന്നെ എന്നോട് പറഞ്ഞു.

മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ശേഷം തന്റെ തിരക്കൊഴിഞ്ഞിട്ടില്ലെന്ന്. ഒരുദിവസം പോലും തനിക്ക് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല എന്നും ലാല്‍ പറഞ്ഞു. അതിന് ശേഷം എന്നും ഷൂട്ടിങ്ങിലാണെന്ന്’, ഫാസില്‍ പറയുന്നു.

ഫാസില്‍-ഫഹദ് കോമ്പിനേഷനില്‍ ഒരു സിനിമ എന്ന് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുമെന്ന ചോദ്യത്തിന് തന്നെയും ഫഹദിനേയും അത്ഭുതപ്പെടുത്തുന്ന ഒരു തിരക്കഥ വന്നാല്‍ തീര്‍ച്ചയായും അത് സംഭവിക്കുമെന്നായിരുന്നു ഫാസിലിന്റെ മറുപടി.

ഞങ്ങളെ രണ്ട് പേരേയും അത് തുല്യമായി തൃപ്തിപ്പെടുത്തണം. അതുകൊണ്ട് ചിലപ്പോള്‍ നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നടന്നില്ലെന്നുമിരിക്കും, ഫാസില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fazil About fahad Charector Shammy and Lal’s Narendran