മധ്യപ്രദേശിലെ കര്‍ഷകര്‍ നിരപരാധികളാണ്, ഇവിടെ കോണ്‍ഗ്രസ് ഉറക്കത്തിലാണ്; പാര്‍ട്ടിയിലെ വിള്ളല്‍ പരസ്യമാക്കി ദിഗ്‌വിജയ സിംഗ്
farmers protest
മധ്യപ്രദേശിലെ കര്‍ഷകര്‍ നിരപരാധികളാണ്, ഇവിടെ കോണ്‍ഗ്രസ് ഉറക്കത്തിലാണ്; പാര്‍ട്ടിയിലെ വിള്ളല്‍ പരസ്യമാക്കി ദിഗ്‌വിജയ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 5:13 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഘടകത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ ദിഗ്‌വിജയ സിംഗ്. കര്‍ഷകസമരത്തിനെതിരെ ഹരിയാനയിലും പഞ്ചാബിലും സമരം ശക്തമായപ്പോഴും മധ്യപ്രദേശില്‍ സമരം ശക്തിപ്രാപിക്കാത്തതിന് കാരണവും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെയും പരസ്യമായി വിമര്‍ശിച്ചു.

‘ഹരിയാനയിലേയും പഞ്ചാബിലേയും രാജസ്ഥാനിലേയും കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അവരോട് ചെയ്ത അനീതിയെപ്പറ്റി അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇക്കാര്യത്തില്‍ മധ്യപ്രദേശിലെ കര്‍ഷകര്‍ പാവങ്ങളാണ്, നിരപരാധികളാണ്. ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറങ്ങിയിരിക്കുകയാണ്. നിങ്ങളോടാണ്. എഴുന്നേല്‍ക്കൂ, സമരത്തില്‍ അണി ചേരൂ,കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ’, സിംഗ് പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഭാഗ്‌വാരയിലെ ഹോട്ടലില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനാഘോഷങ്ങള്‍ക്കായെത്തിയ ബി.ജെ.പി നേതാക്കളെ കര്‍ഷക സംഘടനകള്‍ ഖരാവോ ചെയ്തിരുന്നു.

ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടി കര്‍ഷകര്‍ നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

അതേസമയം കര്‍ഷക സമരം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായുള്ള പുതിയ ധനസഹായ പാക്കേജായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി വഴി രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളൊന്നും വിജയിക്കാതെ വന്നതോടെയാണ് കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Digvijaya singh slams congress in farmers protest