ന്യൂദല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂര്‍ മത്സരിക്കുന്ന ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പോളിങ് ഇന്നാണെന്നു തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറിന് ട്വിറ്ററില്‍ ട്രോള്‍മഴ. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ട്രോളേഴ്‌സിനു മറുപടിയുമായി ഫര്‍ഹാന്‍ ട്വിറ്ററില്‍ തിരിച്ചെത്തിയതും ശ്രദ്ധേയമായി.
മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ അനുകൂലിച്ച് സംസാരിച്ച പ്രജ്ഞയ്‌ക്കെതിരേ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച ട്വീറ്റിനാണ് ട്രോള്‍ നേരിടേണ്ടിവന്നത്. ‘ഭോപ്പാലിലെ പ്രിയ വോട്ടര്‍മാരേ, വീണ്ടും ഒരു വാതകദുരന്തമുണ്ടാകുന്നതില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കുന്നതിനുള്ള സമയമാണിത്.’ എന്ന ട്വീറ്റിനൊടുവില്‍ ‘സേ നോ ടു പ്രജ്ഞ’ എന്നും ‘സേ നോ ടു ഗോഡ്‌സെ’ എന്നും ഹാഷ്ടാഗ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ട്വീറ്റ് വന്നത് ഇന്നു രാവിലെ 8.41-നാണ്. എന്നാല്‍ ആറാംഘട്ട വോട്ടെടുപ്പ് നടന്ന മെയ് 12-നു തന്നെ ഭോപ്പാലില്‍ പോളിങ് കഴിഞ്ഞതാണെന്ന കാര്യം ഫര്‍ഹാന്‍ അറിഞ്ഞില്ലെന്നതാണ് കൗതുകമായത്. ഇതു മുതലാക്കി പലരും ഫര്‍ഹാനെ പരിഹസിക്കാനും രൂക്ഷമായി വിമര്‍ശിക്കാനും രംഗത്തെത്തുകയായിരുന്നു.