മെസിയെയും ഹാലണ്ടിനെയും ഈ നിലയിലെത്തിച്ചു; അദ്ദേഹമാണ് ഗോട്ട്; പ്രശംസിച്ച് ആരാധകര്‍
Football
മെസിയെയും ഹാലണ്ടിനെയും ഈ നിലയിലെത്തിച്ചു; അദ്ദേഹമാണ് ഗോട്ട്; പ്രശംസിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th June 2023, 11:33 am

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടമുയര്‍ത്തിയതോടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ വാനോളം പ്രശംസിച്ച് ആരാധകര്‍. ആധുനിക ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടിനെയും പെപ് പരിശീലിപ്പിച്ചിട്ടുണ്ട്. മെസി ബാഴ്‌സക്കായി കളിക്കുന്ന സമയത്ത് ക്ലബ്ബിന് വേണ്ടി താരം മേജര്‍ കിരീടങ്ങള്‍ നേടിയത് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴിലായിരുന്നു. നിലവില്‍ ഹാലണ്ട് ബൂട്ട് കെട്ടുന്നത് പെപ്പിനോടൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയിലാണ്.

ഇരു താരങ്ങളുടെയും കരിയറില്‍ നിര്‍ണായക നേട്ടങ്ങള്‍ കൊയ്യുന്നതിന് പിന്നില്‍ ഈ പരിശീലകന് വലിയ പങ്കുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ബാഴ്‌സയെ ഇന്ന് കാണുന്ന നിലയിലേക്കുയര്‍ത്താന്‍ സഹായിച്ചത് പെപ് ആണെന്നും ഒരു താരത്തിന് കരിയറില്‍ ഉയരാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം അദ്ദേഹം പരിശീലിപ്പിക്കുമെന്നും മെസി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. പെപ്പിന് കീഴില്‍ പരിശീലനം ലഭിച്ചവര്‍ക്കെല്ലാം ഇതുതന്നെയാകും പറയാനുണ്ടാവുകയെന്നും മെസി പറഞ്ഞു.

2008ലാണ് പെപ് ഗ്വാര്‍ഡിയോള ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമടക്കം നിരവധി റെക്കോഡുകളാണ് അദ്ദേഹത്തിന്റെ പരിശീലനത്തില്‍ ബാഴ്സ നേടിയെടുത്തത്. ബാഴ്സയില്‍ ഗ്വാര്‍ഡിയോളയുടെ ഇഷ്ടതാരമായിരുന്നു മെസി.

ബാഴ്സയിലുള്ളപ്പോള്‍ 219 മത്സരങ്ങളില്‍ നിന്ന് 211 ഗോളും 94 അസിസ്റ്റുകളുമാണ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴില്‍ മെസി നേടിയത്. 2011-12 സീസണില്‍ മാത്രം 50 മത്സരങ്ങളില്‍ നിന്ന് 73 ഗോളും 32 അസിസ്റ്റുകളും നേടാന്‍ മെസിക്ക് സാധിച്ചു.

2012ലാണ് ഗ്വാര്‍ഡിയോള ബാഴ്സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ചാമ്പ്യന്‍സ് ലീഗിന് പുറമെ അഞ്ച് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവയും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ സീസണില്‍ മാത്രം 52 ഗോളുകളാണ് പെപ്പിന്റെ പരിശീലനത്തിന് കീഴില്‍ ഹാലണ്ട് അക്കൗണ്ടിലാക്കിയത്.

അതേസമയം, ഇസ്താന്‍ബുളിലെ അറ്റാതുര്‍ക്കില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ കന്നി കിരീടം നേടിയിരിക്കുകയാണ്. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം.

മത്സരത്തിന്റെ 68ാം മിനുട്ടില്‍ മധ്യനിര താരം റോഡ്രിയാണ് സിറ്റിക്കായി വിജയ ഗോള്‍ നേടിയത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗും എഫ്.എ കപ്പും സ്വന്തമാക്കിയ സിറ്റി യു.സി.എല്‍ നേടിയതോടെ ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം പേരിലാക്കിയിരിക്കുകയാണ്.

Content Highlights: Fans state Messi and Haaland could achieve several records under Pep Guardiola’s coaching