ബ്രോമാന്‍സല്ല, പരിക്കേറ്റ ഷദാബ് ഖാനെ കൊണ്ടുപോകുന്ന രീതിയാണിത്; വീഡിയോ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ആരാധകര്‍
Sports News
ബ്രോമാന്‍സല്ല, പരിക്കേറ്റ ഷദാബ് ഖാനെ കൊണ്ടുപോകുന്ന രീതിയാണിത്; വീഡിയോ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th December 2023, 10:29 am

പാകിസ്ഥാന്‍ ടി-20 ലീഗില്‍ താരങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സുരക്ഷ ഉറപ്പാക്കാത്തതില്‍ വിമര്‍ശനവുമായി ആരാധകര്‍. ടൂര്‍ണമെന്റില്‍ നടന്ന സിയാല്‍കോട്ട് – റാവല്‍പിണ്ടി മത്സരത്തിനിടെ പരിക്കേറ്റ പാക് സൂപ്പര്‍ താരം ഷദാബ് ഖാന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ആരാധകര്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രംഗത്തെത്തിയത്.

യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തിനിടെ ഷദാബ് ഖാന് പരിക്കേല്‍ക്കുകയായിരുന്നു. രണ്ട് ഓവര്‍ പന്തെറിയുകയും മികച്ച രീതിയില്‍ ഫീല്‍ഡിങ് തുടരുകയും ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഫീല്‍ഡിങ്ങിനിടെ പന്തില്‍ ചവിട്ടിയ ഷദാബിന്റെ കണങ്കാലിനായിരുന്നു പരിക്കേറ്റത്.

കാലിന് പരിക്കേറ്റ ഷദാബിന്റെയടുത്തേക്ക് സ്റ്റേഡിയത്തിലെ ഫിസിയോസ് ഓടിയെത്തുകയും കാലില്‍ ഐസ് പാക്ക് വെക്കുകയും ചെയ്തിരുന്നു. ശേഷം കൂടുതല്‍ പരിശോധനക്കായി താരത്തെ അശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാല്‍ സ്ട്രക്ചര്‍ ഉപയോഗിക്കാതെ മറ്റൊരു താരത്തിന്റെ തോളിലേറിയാണ് ഷദാബ് കളം വിട്ടത്. കാലില്‍ ഐസ് പാക് വെച്ചുകെട്ടിക്കൊണ്ടായിരുന്നു ഷദാബ് സഹതാരത്തിന്റെ തോളിലിരുന്നത്.

ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ആരാധകര്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ടൂര്‍ണമെന്റ് നടത്തുമ്പോള്‍ അവശ്യ സൗകര്യങ്ങള്‍ പോലും ഒരുക്കുന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം, മത്സരത്തില്‍ സിയാല്‍കോട്ടിനെ പരാജയപ്പെടുത്തി റാവല്‍പിണ്ടി വിജയം സ്വന്തമാക്കിയിരുന്നു. മൂന്ന് വിക്കറ്റിനായിരുന്നു റാവല്‍പിണ്ടിയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിയാല്‍കോട്ട് ക്യാപ്റ്റന്‍ ഷോയ്ബ് മാലിക്കിന്റെയും അഷിര്‍ മഹ്‌മൂദിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയിരുന്നു. മഹ്‌മൂദ് 52 പന്തില്‍ 72 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ 84 റണ്‍സാണ് ഷോയ്ബ് മാലിക് നേടിയത്.

164 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശിയ റാവല്‍പിണ്ടി ഓപ്പണര്‍ യാസിര്‍ ഖാന്റെ കരുത്തില്‍ വിജയിച്ചുകയറുകയായിരുന്നു. 52 പന്തില്‍ പുറത്താകാതെ 87 റണ്‍സാണ് താരം നേടിയത്.

 

 

Content Highlight: Fans slam PCB after Shadab Khan’s video goes viral