മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ കളിയ്ക്കുന്നത് കാണാന്‍ സിംഗപ്പൂരില്‍ നിന്നുമുള്ള ഒരു കുടുംബം ലണ്ടനിലെത്തിയത് 17 രാജ്യങ്ങളിലൂടെ കാറോടിച്ചിട്ട്. മൂന്നു വയസുകാരി അവ്യ മുതല്‍ 67 കാരന്‍ മുത്തച്ഛന്‍ അഖിലേഷ് വരെ അടങ്ങുന്ന മാഥുര്‍ കുടുംബം 14,000 കിലോമീറ്ററാണ് സഞ്ചരിച്ചത്.
മെയ് 20ന് യാത്ര പുറപ്പെട്ട സംഘം കഴിഞ്ഞ വ്യാഴാഴ്ചയാണ് ലണ്ടനിലെത്തിയത്. ആദ്യം കണ്ടത് ലീഡ്‌സില്‍ നടന്ന ഇന്ത്യാ-ശ്രീലങ്ക മത്സരമായിരുന്നു.
ലോകകപ്പ് തുടങ്ങാനായതോടെ മാര്‍ച്ചില്‍ തന്നെ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇംഗ്ലണ്ടിലെത്തണമെന്ന് വിചാരിച്ചിരുന്നു. വിമാനത്തില്‍ എളുപ്പത്തില്‍ എത്താമെങ്കിലും രാജ്യത്തിന് വേണ്ടി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ചിന്തയാണ് കാറോടിച്ച് വരാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കുടുംബാംഗമായ അനുപം മാഥുര്‍ പറഞ്ഞു.
സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ്, ലാവോസ്, ചൈന, കിര്‍ഗിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, കസാക്കിസ്താന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ജര്‍മനി, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് കുടുംബം യാത്ര ചെയ്തത്.