പുല്‍വാമ ആക്രമണത്തിന് ഒരു വയസ്സ്; വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍
Pulwama Terror Attack
പുല്‍വാമ ആക്രമണത്തിന് ഒരു വയസ്സ്; വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 8:37 am

രാജസ്ഥാന്‍: പുല്‍വാമ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബങ്ങള്‍ രംഗത്ത്.

ഹിന്ദുസ്ഥാന്‍ ടൈംസ് പട്ടാളക്കാരുടെ കുടുംബാംങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് സംസ്ഥാന – കേന്ദ്രസര്‍ക്കാരുകള്‍ നടത്തിയ ജോലി അടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ തുറന്നുപറഞ്ഞത്.

‘നിരവധി നേതാക്കള്‍ ഞങ്ങളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. പക്ഷെ ആരും ഞങ്ങള്‍ക്ക് ഒരു സഹായവവും ചെയ്തില്ല.’ പുല്‍വാമയില്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി മഹേഷ് കുമാറിന്റെ ഭാര്യ ദേവി പറഞ്ഞു.

മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ ഓര്‍മ്മക്കായി നിര്‍മ്മിക്കുമെന്ന് പറഞ്ഞ രക്തസാക്ഷി മണ്ഡപത്തിന്റെ കാര്യത്തിലും യാതൊന്നുമായില്ലെന്നും ദേവി കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് ഒരു കുടുംബത്തിന്റെ മാത്രം അവസ്ഥയില്ലെന്നും കൊല്ലപ്പെട്ട 40 പേരില്‍ പലരുടെയും ബന്ധുക്കള്‍ ഇത് ആവര്‍ത്തിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിലര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെങ്കിലും വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടാതെ സംസ്ഥാന നേതാക്കള്‍ ജവാന്‍മാരുടെ ഓര്‍മ്മക്കായി നിര്‍മ്മിക്കുമെന്ന് പറഞ്ഞ സ്മാരകങ്ങളുടെ കാര്യത്തിലും വാക്കുകളല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ലെന്നും നിരവധി പട്ടാളക്കാരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച് ട്രക്കിലേക്ക് ബോംബ് നിറച്ച് കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിക്കുകയും തുടര്‍ന്ന് ഇന്ത്യ – പാകിസ്താന്‍ യുദ്ധത്തിലേക്ക് വരെ കാര്യങ്ങളെത്തുമെന്ന ആശങ്ക പരക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം ബാലാക്കോട്ടില്‍ ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളോ തീവ്രവാദികള്‍ കൊല്ലപ്പെടലോ ഉണ്ടായിട്ടില്ലെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു. രാജ്യാന്തര വാര്‍ത്ത ഏജന്‍സികളും സമാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ബാലാക്കോട്ട് ആക്രമണത്തില്‍ നൂറുകണക്കിന് തീവ്രവാദികളെ കൊലപ്പെടുത്താനായി എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്.

പുല്‍വാമ ആക്രമണം പോലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണെന്നതടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.