കൊല്ലം: വിദേശരാജ്യമായ ഡൊമിനികയില്‍ മലയാളിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന വ്യാജ സര്‍വകലാശാലക്കെതിരെ അന്വേഷണം. കൊല്ലം സ്വദേശിയായ ഡോ.പാപ്പച്ചന്‍ ബേബി എന്നയാളുടെ പേരിലുള്ള ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഈ യൂണിവേഴ്‌സിറ്റി രാജ്യത്ത് രജിസ്‌ട്രേഷന്‍ പോലും നടത്തിയിട്ടില്ലെന്ന് ഡൊമിനിക്കയുടെ ഹൈകമ്മീഷണര്‍ ജൂലൈയില്‍ ഇന്ത്യയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ആഗസ്ത് 20ന് കേരള പൊലീസ് ഐ.പി.സി സെക്ഷന്‍ 420 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പല നഗരങ്ങളിലും വെച്ച് ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ബിരുദദാന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം ചടങ്ങുകളില്‍ വെച്ച് ഡോ.പാപ്പച്ചന്‍ ബേബി പല പ്രമുഖര്‍ക്കും ഓണററി ഡിഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഏഷ്യാ വിഭാഗം തലവനും ഇന്ത്യന്‍ പ്രതിനിധിയുമെന്ന് പറയപ്പെടുന്ന ബേബി പാപ്പച്ചന്‍ കേരളത്തിലെ എബന്‍സര്‍ മിഷന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡീന്‍ ആണ്. ദല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് ഇയാള്‍ വ്യാജ ഓണററി ഡ്രിഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് മെഡല്‍ ജേതാവ് കര്‍ണ്ണം മല്ലേശ്വരി ഈ ഓണററി ഡിഗ്രി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇവരെ കൂടാതെ സര്‍വകലാശാല അധ്യാപകര്‍, ഡോക്ടര്‍മാര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ക്കാണ് ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഓണററി ഡിഗ്രി നല്‍കിയത്. മോണിക്ക സ്റ്റീല്‍ ഉടമ ഗുണ്‍വന്ത് സിംഗ്, വി.ഐ.പി ക്ലോത്തിംഗ് ബ്രാന്‍ഡ് ഡയറക്ടര്‍ കപില്‍ പതാരേ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടെന്ന് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിയാറ്റലില്‍ യു.എസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് എഞ്ചീനിയറിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കോര്‍പറേഷനായ കെയ്‌ലേ ഏയ്‌റോസ്‌പേസ് സി.ഇ.ഒ ഡോ. ബിഷ്ണുജീ സിംഗും ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഓണററി ഡിഗ്രി സ്വീകരിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ക്ക് ‘കാര്യങ്ങള്‍ സംഘടിപ്പിക്കാനുള്ള തുക’ നല്‍കിയും ചില അപേക്ഷാഫോമുകള്‍ പൂരിപ്പിച്ച് കൊടുത്തും ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡിഗ്രികള്‍ നേടാനാകുമെന്ന് കണ്ടെത്തിയതായി ഡൊമിനിക്ക ഹൈകമ്മിഷണര്‍ ഇന്ത്യക്ക് അയച്ച കത്തില്‍ പറയുന്നു.
ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഡൊമിനിക്കയില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലെന്ന് മാത്രമല്ല, ഈ സ്ഥാപനത്തിന് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്താനുള്ള അനുമതിയേ ഇല്ലെന്നും ഈ കത്തില്‍ പറയുന്നു. ഡൊമിനിക്കയുടെ തലസ്ഥാനമായ റൊസേവിലാണ് ഈ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നതെന്നാണ് പല രേഖകളിലും പറയുന്നത്. പക്ഷെ റോസേവില്‍ അത്തരത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിരവധി കോളേജുകളും സര്‍വകലാശാലകളുമായി അഫ്‌ലിയേറ്റ് ചെയ്തുകൊണ്ട് ഡൊമിനിക്ക തലസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ്’ ബാള്‍സ്ബ്രിഡ്ജ് എന്നാണ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ പറയുന്നത്. സാംബിയ, ലൈബീരിയ, ഘാന, നാംബിയ, റുവാണ്ട എന്നീ രാജ്യങ്ങളിലും സര്‍വകലാശാലക്ക് ക്യാംപസുകളുണ്ടെന്നും ഇതില്‍ പറയുന്നു.
ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.acedu.org, www.ballsbridgeedu.org എന്നിവയില്‍ 6,500 വിദ്യാര്‍ത്ഥികളും 30 അധ്യാപകരും ഈ സര്‍വകലാശാലക്ക് കീഴിലുണ്ടെന്നാണ് പറയുന്നത്. 97 ശതമാനം വിജയവും ഇവര്‍ അവകാശപ്പെടുന്നുണ്ട്. ഏഷ്യാ പസഫിക് റീജിയണിലെയും അയല്‍രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.
വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 4,000 മുതല്‍ 14,000 യു.എസ് ഡോളര്‍ വരെയാണ് വിവിധ കോഴ്‌സുകളുടെ ഫീസ്. ഓണററി ഡിഗ്രി ലഭിക്കുന്നവര്‍ ആഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് മലവായില്‍ നടത്തുന്ന സ്‌കോളര്‍ഷിപ്പ് പ്രോജക്ടിന് സംഭാവന നല്‍കണമെന്നും പറയുന്നു.
നൈജീരിയുടെ രാജാവായ ഓസംവെന്‍ഡേയുടെ മകനായ പ്രിന്‍സ് തോമസ് ഓസംവെന്‍ഡേയാണ് ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ സ്ഥാനം വഹിക്കുന്നതെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. പക്ഷെ 2014 മെയില്‍ തോമസ് ഓസംവെന്‍ഡേയുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തോമസ് ഒസംവെന്‍ഡേയുടെ നാല് മക്കള്‍ വിവിധ ഭാഗങ്ങളില്‍ ഈ വ്യാജ യൂണിവേഴ്‌സിറ്റിയുടെ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൊമിനിക്കയിലെ പ്രതിപക്ഷ നേതാവായ ലെനക്‌സ് ലിന്റണുമായി പാപ്പച്ചന്‍ ബേബിക്ക് ബന്ധമുണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലിനക്‌സ് ലിന്റണിന്റെ മേല്‍വിലാസമാണ് ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിലാസമായി നല്‍കിയിരിക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വ്യാജ യൂണിവേഴ്‌സിറ്റി കേസില്‍ ലിനക്‌സ് ലിന്റണ് പാപ്പച്ചന്‍ ബേബിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡൊമിനിക്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ബാള്‍സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയെ കൂടാതെ ബാള്‍സ്ബ്രിഡ്ജ് സൊസൈറ്റി ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ബി.എസ്.ഇ.ആര്‍) എന്ന സഹോദര സ്ഥാപനവും വ്യാജ കോഴ്‌സുകളും അവാര്‍ഡുകളും നടത്തിവന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എഞ്ചിനീയറിംഗ്, മെഡിസിന്‍, പാരാമെഡിക്കല്‍ ട്രെയ്‌നിംഗ്, നഴ്‌സിംഗ്, മാനേജ്‌മെന്റ്, ജേണലിസം തുടങ്ങിയ നിരവധി മേഖലകള്‍ക്ക് കീഴില്‍ വരുന്ന ഒട്ടുമിക്ക കോഴ്‌സുകളിലും കരിയര്‍ കൗണ്‍സിലിംഗും കണ്‍സള്‍ട്ടന്‍സി സര്‍വീസുകളും നല്‍കിവരുന്ന വ്യക്തി കൂടിയാണ് പാപ്പച്ചന്‍ ബേബി.
നിലവില്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം സംബന്ധിച്ച യാതൊരു വിവരങ്ങളും പുറത്തുവിടാന്‍ കേരള പൊലീസ് തയ്യാറല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക