ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്ന ഇരുള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നു. ഏപ്രില്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ഇരുളിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. മൂന്ന് പേര്‍ മാത്രമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ഭയപ്പെടുത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ മികച്ച സൈക്കോ ത്രില്ലറായിരിക്കാം ഇരുള്‍ എന്നാണ് ട്രെയ്‌ലറിന് പിന്നാലെ വരുന്ന പ്രതികരണങ്ങള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ നടത്തിയ കൊലപാതകങ്ങളെ ആസ്പദമാക്കി ഒരാള്‍ എഴുതുന്ന നോവലും അതിനെ തുടര്‍ന്ന് നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്. സ്ത്രീകളോടുള്ള പകയാണ് കൊലപാതകത്തിന്‍റെ കാരണമെന്നും ട്രെയ്‌ലറില്‍ പറയുന്നു.
ട്രെയ്‌ലര്‍ കണ്ടാണോ അതോ ഫഹദിനെ കണ്ടാണോ നമ്മുടെ ഹൃദയമിടിപ്പ് കൂടുന്നത്? എന്ന ക്യാപ്ഷനോടെയാണ് നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.
സീ യു സൂണിന് ശേഷം ഫഹദും ദര്‍ശനയും ഒന്നിക്കുന്ന ചിത്രമാണ് ഇരുള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുട്ടിക്കാനത്തെ ഒരു ബംഗ്ലാവില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. കൊവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം.