Entertainment
മഹേഷ് നാരായണന്‍ ചിത്രങ്ങളിലെ ഏറ്റവും ഇഷ്ടപ്പെട്ട ഫഹദ് കഥാപാത്രം ഏതാണ്?; വ്യത്യസ്ത മറുപടികളുമായി ഫഹദും മഹേഷും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 14, 12:35 pm
Wednesday, 14th July 2021, 6:05 pm

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാലികിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ ഫഹദ് ഫാസിലും മഹേഷ് നാരായണനും എത്തുന്നുണ്ട്.

ഇതിനിടിയില്‍ തന്റെ സിനിമകളില്‍ ഫഹദ് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിനും മഹേഷ് നാരായണന്‍ മറുപടി നല്‍കി. ഫസ്റ്റ് പോസ്റ്റിന് ഫഹദിനൊപ്പം ഒരുമിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേക്ഷകന്‍ ഇതുവരെ കാണാത്തതാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഫഹദ് കഥാപാത്രമെന്നായിരുന്നു മഹേഷിന്റെ മറുപടി. അങ്ങനെ നോക്കുമ്പോള്‍ മാലിക് ആണ് പ്രിയപ്പെട്ട കഥാപാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സീ യു സൂണിലെ കെവിന്‍ ആണ് മഹേഷ് നാരായണന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്ന് ഫഹദ് പറഞ്ഞു.

‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കെവിനെയാണ്. ഞാന്‍ ഒരു സീ യു സൂണ്‍ കൂടി ചെയ്യാന്‍ മഹേഷിനോട് പറഞ്ഞിരുന്നു. കാരണം കെവിനെ കുറിച്ചും ഇനിയും അറിയാനും പറയാനുമുണ്ട്. എന്തൊക്കെയോ നിഗൂഢത ആ കഥാപാത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്,’ ഫഹദ് പറഞ്ഞു.

ഫഹദിന്റെ മറുപടിക്ക് പിന്നാലെ കെവിനെ കുറിച്ച് മഹേഷ് നാരായണന്‍ കൂടുതല്‍ വിശദീകരിച്ചു. ജീവിതത്തില്‍ കുറെ കെവിന്മാരെ താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മഹേഷ് പറഞ്ഞത്.

‘എന്റെ ഭാര്യ ഒരു സോഫ്റ്റ് വെയര്‍ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അവര്‍ ഒരുപാട് ഡാറ്റ ശേഖരിക്കുകയും അല്‍ഗോരിതങ്ങള്‍ തയ്യാറാക്കുകയും ചെയ്യും. ഇതൊക്കെ  നിയമ വിധേയമാണോയെന്ന് അവള്‍ സ്വയം സംശയിക്കുന്നതും സമ്മര്‍ദത്തിലാകുന്നതും കണ്ടിട്ടുണ്ട്. പിന്നെ സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങള്‍ക്ക് ഡാറ്റ ശേഖരിച്ചേ മതിയാകൂ. അവരുടെ ജോലി ചെയ്യുന്ന ആ രീതിയില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നുമാണ് കെവിന്‍ ഉണ്ടായത്,’ മഹേഷ് നാരായണന്‍ പറഞ്ഞു.

നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു സീ യു സൂണ്‍. ഒ.ടി.ടി. റിലീസിലൂടെ രാജ്യാന്തര ശ്രദ്ധ നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസാകുന്നത്. 2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.

പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Fahadh Faasil and Mahesh Narayanan about their favourite characters