അന്ന് ആ ഡിവിഡി ഞാന്‍ വാങ്ങിയില്ലായിരുന്നെങ്കില്‍ ഇന്നിവിടെ എത്തില്ലായിരുന്നു; ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ ഫഹദിന്റെ ഓര്‍മ്മക്കുറിപ്പ്
Cinema
അന്ന് ആ ഡിവിഡി ഞാന്‍ വാങ്ങിയില്ലായിരുന്നെങ്കില്‍ ഇന്നിവിടെ എത്തില്ലായിരുന്നു; ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ ഫഹദിന്റെ ഓര്‍മ്മക്കുറിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th April 2020, 8:19 am

കൊച്ചി: നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനവുമായി ഫഹദ് ഫാസില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഫഹദ്, ഇര്‍ഫാനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

അമേരിക്കയിലെ പഠനകാലത്താണ് ഇര്‍ഫാന്റെ സിനിമ ആദ്യമായി കാണുന്നതെന്ന് ഫഹദ് പറയുന്നു.

ഫഹദിന്റെ കുറിപ്പിലേക്ക്

അമേരിക്കയിലെ വിദ്യാര്‍ത്ഥി ജീവിതകാലം, വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല. അന്ന് ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ ഉള്ള സാധ്യതകളുണ്ടായിരുന്നില്ല, കാരണം ഞാന്‍ ക്യാംപസില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ എന്റെ സുഹൃത്ത് നികുഞ്ചും ഞാനും എല്ലാ വാരാന്ത്യത്തിലും ക്യാംപസിനടുത്തുള്ള പാകിസ്താനി ഗ്രോസറിയില്‍ പോയി ഇന്ത്യന്‍ സിനിമകളുടെ ഡിവിഡി വാടകയ്ക്ക് വാങ്ങാറുണ്ടായിരുന്നു.

ഒരിക്കല്‍ ആ കടയിലെ ഖാലിദ് ഞങ്ങള്‍ക്ക് ‘യഹ് ഹോയാ തോ ക്യാ ഹോതാ’ എന്ന സിനിമയുടെ ഡിവിഡി എടുത്തുതന്നു. നസീറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത സിനിമ എന്ന നിലയിലാണ് ഞാനാ സിനിമയെ കണ്ടത്.

സിനിമ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സലിം രാജാബലി എന്ന കഥാപാത്രം വന്നു. ആരാണിയാള്‍? ഞാന്‍ നികുഞ്ചിനോട് ചോദിച്ചു. ആദ്യമായിട്ടാണ് ഞാന്‍ അയാളെ കാണുന്നത്. നികുഞ്ച് മറുപടി പറഞ്ഞു- ഇര്‍ഫാന്‍ ഖാന്‍

ഞാന്‍ വളരെ വൈകിയായിരിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. ഝുംപാ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോള്‍ അതിലെ അശോകിന്റെ വേഷം അവതരിപ്പിക്കുന്നത് ഇര്‍ഫാനെണന്നറിഞ്ഞ് എല്ലാവരും അത്ഭുതപ്പെട്ടു.

ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇര്‍ഫാന്റെ വളര്‍ച്ച. എല്ലാവരും അത് അനുഭവിച്ചറിയുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. ഇര്‍ഫാന്റെ സിനിമകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ സിനിമയിലഭിനയിക്കാന്‍ ഇന്ത്യയിലേക്ക് തിരിച്ചത്.

കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇര്‍ഫാനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പലരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ സിനിമയെക്കുറിച്ചായിരുന്നു.

എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്.

പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. ജീവിതത്തില്‍ എന്നും ഓര്‍മ്മയിലുണ്ടായിരുന്ന ഒരാളാണ് നഷ്ടമായത്. എന്റെ കരിയര്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്. അന്ന് ആ സിനിമ കണ്ടതാണ് എന്റെ ജീവിതം മാറ്റിയത്.