Advertisement
Cricket
ഒടുവിൽ സഞ്ജുവിന്റെ ജോസേട്ടനും വീണു; ഗുജറാത്തിനെ അടിച്ചുതകർത്ത ഫാഫിന് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 05, 02:23 am
Sunday, 5th May 2024, 7:53 am

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ബെംഗളൂരു ജയിച്ചു കയറിയത്. 23 പന്തില്‍ 64 റണ്‍സാണ് ഫാഫ് നേടിയത്. 10 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഫാഫിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

പവര്‍ പ്ലേ അവസാനിക്കുന്നതിന് ഒരു ബോള്‍ ബാക്കി നില്‍ക്കെയാണ് ബെംഗളൂരു നായകന്‍ പുറത്തായത്. ജോഷ്വാ ലിറ്റിലിന്റെ പന്തില്‍ ഷാരൂഖ് ഖാന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൗത്ത് ആഫ്രിക്കന്‍ താരത്തെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ പവര്‍പ്ലെയില്‍ പുറത്താവുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്.

ഈ നേട്ടത്തില്‍ ഒന്നാമതും രണ്ടാമതും ഉള്ളത് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ആണ്. 2022ൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും 2023ൽ സണ്‍റൈസ് ഹൈദരാബാദിനെതിരെയും 54 റണ്‍സിനായിരുന്നു പവര്‍ പ്ലേയില്‍ ബട്‌ലര്‍ പുറത്തായത്.

ഫാഫിന് പുറമേ 27 പന്തില്‍ 42 റണ്‍സ് നേടി വിരാട് കോഹ്‌ലിയും ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗുജറാത്തിന്റെ ബൗളിങ്ങില്‍ ജോഷ്വാ ലിറ്റില്‍ നാല് വിക്കറ്റും നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ ബെംഗളൂരു ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വൈശാഖ് വിജയ്കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും കാമറൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു.

24 പന്തില്‍ 37 റണ്‍സ് നേടി ഷാരൂഖ് ഖാനും 21 പന്തില്‍ 35 റണ്‍സ് നേടി രാഹുല്‍ തിവാട്ടിയയും 20 പന്തില്‍ 30 റണ്‍സ് നേടി ഡേവിഡ് മില്ലറും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് നാലു വിജയവും ആറ് തോല്‍വിയുമായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും ബെംഗളൂരുവിന് സാധിച്ചു. മെയ് ഒമ്പതിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ധര്‍മശാലയാണ് വേദി.

Content Highlight: Faf Du Plesesis create a new record in IPL