കോഴിക്കോട്: കൊവിഡ് വൈറസിന്റെ രണ്ടാം വ്യാപനം രാജ്യം മുഴുവന്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും രൂക്ഷം. ജില്ലയില്‍ മാത്രം 20.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതിനിടെ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ചകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. ചില സ്‌ക്രീന്‍ ഷോട്ടുകളും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു.
ഇത്തരത്തില്‍ പ്രചാരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്താണ് ? കോഴിക്കോട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടോ ?
യഥാര്‍ത്ഥത്തില്‍ കോഴിക്കോട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട് ജില്ല കളക്ടര്‍ തന്നെ ഇത്തരത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കളക്ടര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല. തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രമെ നടത്താവൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.