കാലിഫോര്‍ണിയ: 87 മില്യണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന് ശേഷം ഫേസ് ബുക്കിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുകയാണ് മാധ്യമങ്ങള്‍. മൈക്രോസോഫ്റ്റും, ആപ്പിളും ഉള്‍പ്പെടെ 60ല്‍ പരം കമ്പനികളുമായി ഫേസ്ബുക്ക് ഡാറ്റ കൈമാറ്റം ചെയ്യാറുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് മറ്റ് കമ്പനികളുമായി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി ആപ്പിള്‍, ആമസോണ്‍, ബ്ലാക്ക്ബെറി,മൈക്രോസോഫ്റ്റ്, സാംസങ്ങ് എന്നീ കമ്പനികളുമായി വ്യക്തിവിവരങ്ങള്‍ പങ്ക് വെയ്ക്കുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
കേംബ്രിഡ്ജ് അനലറ്റികയുമായുമായി വിവരങ്ങള്‍ പങ്ക് വെച്ച വിവാദത്തിന് ശേഷം പ്രതിക്കൂട്ടിലായിരുന്നു ഫേസ്ബുക്ക്. കമ്പനി സി.ഇ.ഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് പരസ്യമായ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ഈ ആരോപണത്തില്‍ നിന്ന് കരകയറവേ ആണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ട്.
പരസ്യമായ മാപ്പപേക്ഷയുമായി രംഗത്ത് വന്നിട്ടും, ഉപയോക്താക്കളുടെ അനുമതി ഇല്ലാതെ അവരുടേയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ മറ്റ് കമ്പനികളുമായി പങ്ക് വെയ്ക്കുന്നത് ഫേസ്ബുക്ക് തുടര്‍ന്നു, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.