'സി.ബി.ഐ അന്വേഷണമല്ല, വേണ്ടത് കേരളത്തിലെ തന്നെ നിഷ്പക്ഷരായ പൊലീസുദ്യോഗസ്ഥരുടെ സംഘം'- വാളയാര്‍ കേസില്‍ പി. ഗീത
Valayar Case
'സി.ബി.ഐ അന്വേഷണമല്ല, വേണ്ടത് കേരളത്തിലെ തന്നെ നിഷ്പക്ഷരായ പൊലീസുദ്യോഗസ്ഥരുടെ സംഘം'- വാളയാര്‍ കേസില്‍ പി. ഗീത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 8:41 pm

മലപ്പുറം: വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണമല്ല വേണ്ടതെന്ന് സ്ത്രീ അവകാശപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ പി. ഗീത. പകരം കേരളത്തിലെ തന്നെ നിഷ്പക്ഷരും പ്രഗത്ഭമതികളുമായ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക സംഘമുണ്ടാക്കി പുനരന്വേഷണത്തിന് ചുമതലപ്പെടുത്തുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗീത ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സി.ബി.ഐ പരോമന്നത അന്വേഷണ ഏജന്‍സിയായിരിക്കാമെങ്കിലും സൂര്യനെല്ലി, കവിയൂര്‍, കിളിരൂര്‍ സംഭവങ്ങളിലെ സി.ബി.ഐ അന്വേഷണം പെണ്‍കുട്ടികളെ അപമാനിക്കും വിധമായിരുന്നെന്നും കവിയൂര്‍, കിളിരൂര്‍ കേസുകളിലെ സി.ബി.ഐ റിപ്പോര്‍ട്ട് കോടതി എത്ര തവണ മടക്കിയെന്ന് ഓര്‍ക്കണമെന്നും ഗീത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

പ്രമാദമായ കേസുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുന്നത് കേരളത്തില്‍ പതിവാണെന്നും അതു തന്നെയാണ് വാളയാര്‍ കേസിന്റെ കാര്യത്തിലും സംഭവിച്ചിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാസ് പെറ്റീഷനുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയുമൊക്കെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് താന്‍ വാളയാര്‍ കേസില്‍ സി.ബിഐ അന്വേഷണത്തിലുള്ള ആശങ്കകള്‍ തുറന്നു പറയുന്നതെന്നും ഗീത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പി.ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

എ. വാളയാർ കേസ്

സി ബി ഐ പരമോന്നത അന്വേഷണ ഏജൻസിയായിരിക്കാം. പക്ഷേ സൂര്യനെല്ലി , കവിയൂർ കിളിരൂർ സംഭവങ്ങളിലെ സി ബി ഐ അന്വേഷണം പെൺകുട്ടികളെ അപമാനിക്കും വിധമായിരുന്നുവെന്നു നമുക്കറിയാം. കവിയൂർ കിളിരൂർ കേസുകളിലെ സി ബി ഐ അന്വേഷണ റിപ്പോർട്ടുകൾ കോടതി എത്ര തവണ മടക്കിയെന്ന് ഓർക്കുക.

പെൺകുട്ടികൾ മരിക്കുകയും മുഖ്യതെളിവുകൾ നശിപ്പിക്കപ്പെടുകയും ചെയ്ത കവിയൂർ കിളിരൂർ കേസുകളിലെ സി ബി ഐ അന്വേഷണവും റിപ്പോർട്ടും പ്രതികളെ രക്ഷിക്കുന്നതായാണ് കണ്ടത്.
അത്ര പോലും തെളിവുകൾ വാളയാർ കേസിൽ അവശേഷിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാർ മാത്രമല്ല കോടതിയും പ്രോസിക്യൂഷനും പെൺകുട്ടികളോട് നീതികേടാണ് ചെയ്തും. എവിഡൻസിന്റെ അഭാവസന്ദർഭത്തിൽപ്പോലും പുനരന്വേഷണം കോടതി ആവശ്യപ്പെട്ടില്ല.
അതിനാൽ ഏറ്റവും നിഷ്പക്ഷവും കാര്യക്ഷമവുമായ പുനരന്വേഷണമാണ് വാളയാർ കേസിന്റെ കാര്യത്തിൽ നടക്കേണ്ടത്.

വാളയാറിലെ രക്ഷിതാക്കൾ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത് ഒരു പക്ഷേ ഇത്തരം കാര്യങ്ങൾ അറിയാത്തതു കൊണ്ടാവാം. രാഷ്ട്രീയ പാർട്ടികൾക്ക് പ്രതികൾ പിടിക്കപ്പെടുകയെന്ന ആത്മാർഥമായ ആഗ്രഹം ഉണ്ടെന്ന് ഒരു ഘട്ടത്തിലും ഇതുവരെ എനിക്കു തോന്നിയിട്ടില്ല. ഇത്തരം പ്രശ്നങ്ങൾ അവരുയർത്തുന്നതു തന്നെ എതിരാളികളെ നിഷ്പ്രഭമാക്കാനും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ വോട്ടു കിട്ടാനും വേണ്ടി മാത്രമായിരുന്നു എന്നാണ് ഇതുവരെയുമുള്ള അനുഭവം. അതു കൊണ്ട് പ്രമാദമായ കേസുകളിൽ എപ്പോഴുമവർ സി ബി ഐ അന്വേഷണമെന്നു പറഞ്ഞു കൊണ്ടിരിക്കുക കേരളത്തിൽ പതിവുമാണ്. വാളയാർ കേസിന്റെ കാര്യത്തിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു നാം ഭയക്കേണ്ടതുണ്ട്. കാരണം ഈ കേസിലും രാഷ്ട്രീയ സംഘടനകൾ രക്ഷിക്കാനാഗ്രഹിക്കുന്നവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാളയാർ കേസിന്റെ നാൾവഴികൾ വ്യക്തമാക്കുന്നത്. അതിനാൽ സി ബി ഐ അന്വേഷണം പ്രസ്തുത പ്രതികളെ രക്ഷിച്ചെടുക്കാനുള്ള പതിനെട്ടടവും ഇവർ പയറ്റും .അതിൽ നിന്നു വേറിട്ട് സ്വതന്ത്രമായ ഒരു ഇച്ഛാശക്തിയോ കർത്തവ്യബോധമോ സ്ത്രീ പീഡനക്കേസുകളുടെ കാര്യത്തിൽ സിബിഐ അന്വേഷണത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി ഇതുവരെ അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാസ് പെറ്റിഷനുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പല സുഹൃത്തുക്കളും നയിക്കുന്നതായി കണ്ട സാഹചര്യങ്ങളിലാണ് ഇക്കാര്യങ്ങളും തത്സംബന്ധമായ എന്റെ ആശങ്കകളും തുറന്നു പറയാമെന്നു വെച്ചത്.

മറ്റെന്ത് അന്വേഷണം എന്നാണെങ്കിൽ കേരളത്തിലെ തന്നെ നിഷ്പക്ഷരും പ്രഗത്ഭമതികളുമായ പോലീസുദ്യോഗസ്ഥരുടെ [ഉദാ: ഋഷിരാജ് സിങ്, മോഹനചന്ദ്രൻ ] ‘ഒരു പ്രത്യേക സംഘമുണ്ടാക്കി പുനരന്വേഷണത്തിന് ചുമതലപ്പെടുത്തുകയാണ് വേണ്ടതെന്നാണ് എനിക്കഭിപ്രായം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാൻ പോയ ദിവസങ്ങളിൽ കുട്ടികളുടെ അമ്മയോട് പുനരന്വേഷണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ” അതാരെക്കൊണ്ടു വേണം ന്നൊന്നും ഞങ്ങൾക്കറീല്ലല്ലോ നിങ്ങളൊക്കെ പറഞ്ഞു തരിൻ ” എന്നാണവർ പറഞ്ഞത്. പിന്നീട് തത്ത പറയുന്നതുപോലെ സി ബി ഐ അന്വേഷണം സിബിഐ അന്വേഷണം എന്നവർ പറയുന്നതു മാധ്യമങ്ങളിൽക്കണ്ട് ഞാനതിശയിച്ചു. ആരാണിതവരെ പറഞ്ഞു പഠിപ്പിച്ചതെന്ന് .ഇതിനിടയിൽ വലിയ തോതിൽ അവരുടെ സ്വഭാവഹത്യ നടത്തിക്കൊണ്ടുള്ള സ്മിയർ ക്യാമ്പെയിനുകൾ പല ഭാഗത്തു നിന്നും ആരംഭിച്ചതായി നാം കണ്ടു. പ്രതികളെ രക്ഷപ്പെടുത്താനായി ആരൊക്കെയോ അവരെ പിന്തുടരുകയും സ്വന്തം അജണ്ടയിലേക്കു പരുവപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ദേശീയ ബാലാവകാശ കമ്മിഷൻ വരുന്ന അതേ ദിവസം തന്നെ അവരെ തിരുവനന്തപുരത്തേക്കു നയിച്ചതാരായിരിക്കും !

പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണ് എന്നു മനസിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീ, ദലിത്, കുട്ടി. മനുഷ്യർ എന്നീ നിലകളിലൊക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെട്ടവരാണ് വാളയാർ പെൺകുട്ടികൾ . കൊട്ടിയം, പൂവരണി കേസുകളിലെ പന്ത്രണ്ടുകാരികളെപ്പോലെ.

മേല്പറഞ്ഞ സാഹrചര്യങ്ങളിൽ സി ബി ഐ അന്വേഷണം വാളയാർ കേസ് പൂർണമായും തുടച്ചു വടിച്ച് പ്രതികളെ നൂറ്റൊന്നു ശതമാനം കുറ്റവിമുക്തരാക്കി പൊതു സമൂഹത്തിന്റെ ഈ ദൃശ ആപത്തുകളെ വർധിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. അതിനാൽ , ക്ഷമിക്കണം സുഹൃത്തുക്കളെ വാളയാർ കേസിൽ നിങ്ങളാവശ്യപ്പെട്ട സിബിഐ അന്വേഷണ ആവശ്യത്തോടൊപ്പം മറ്റൊരു ബോധ്യവും വിശ്വാസവും ആർജിക്കുന്നതു വരെ തല്കാലം ഞാൻ കണ്ണി ചേരുന്നില്ല.