ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ആപ്പ് വഴി വിദ്വേഷപ്രസംഗങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രചരിക്കുന്നത് കമ്പനിയുടെ അറിവോടെയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടെന്നും പുതുതായി പുറത്തുവന്ന ആരോപണങ്ങളില്‍ പറയുന്നു.
പേരുവെളിപ്പെടുത്താത്ത കമ്പനിയുടെ ഭാഗമായിരുന്ന വ്യക്തിയാണ് വാഷിങ്ടണ്‍ പോസ്റ്റിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അമേരിക്കന്‍ ഏജന്‍സിയായ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനും ഫേസ്ബുക്കില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണസമയത്ത് ട്രംപിനെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്കിന്റെ സുരക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്നും സാമ്പത്തികമായ വളര്‍ച്ച മാത്രമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നതെന്നും പരാതിയില്‍ പറയുന്നു.
ഇതോടെ ഫേസ്ബുക്കിന്റെ പോളിസികളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ബൈഡന്‍ ഭരണകൂടം അന്വേഷണം നടത്തണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമായിരിക്കുകയാണ്.
നേരത്തേ ഫേസ്ബുക്ക് കമ്പനിയുടെ ആപ്പുകളും സൈറ്റുകളും കുഞ്ഞുങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിലെ മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗെന്‍ പറഞ്ഞിരുന്നു. എല്ലാ തരം നിയന്ത്രണത്തിനുള്ള അധികാരവുമുണ്ടെങ്കിലും മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒന്നും ചെയ്യുന്നില്ലെന്നും സാമ്പത്തിക ലാഭമാണ് നോക്കുന്നതെന്നും ഹൗഗെന്‍ വിമര്‍ശിച്ചിരുന്നു.
ഫേസ്ബുക്ക് വിദ്വേഷ പ്രചരണങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നെന്നും അമേരിക്കന്‍ സെക്യൂരിറ്റി കമ്മിഷന് ഹൗഗെന്‍ പരാതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ആര്‍.എസ്.എസിന്റേയും മറ്റ് സംഘപരിവാര്‍ അനുകൂല സംഘടനകളുടേയും വ്യക്തികളുടേയും പ്രൊഫൈലുകളിലൂടെ നടന്ന വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് കൂട്ടുനിന്നെന്നായിരുന്നു ആക്ഷേപം.
ഇന്റര്‍നെറ്റിന്റെ ഭാവി എന്ന് സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ച ‘മെറ്റാവേഴ്‌സ്’ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരില്‍ കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതെന്നാണ് വാര്‍ത്ത.