യൂസേഴ്സിനെ വിരട്ടി സര്‍ക്കാരുമായി പോരിനിറങ്ങി ഫേസ്ബുക്ക്; വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും വായിക്കുന്നതിനും വിലക്ക്
World News
യൂസേഴ്സിനെ വിരട്ടി സര്‍ക്കാരുമായി പോരിനിറങ്ങി ഫേസ്ബുക്ക്; വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും വായിക്കുന്നതിനും വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 9:18 am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ന്യൂസ് കോഡില്‍ സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക്കും തമ്മില്‍ പോര് തുടങ്ങി. നേരത്തെ ഭീഷണിപ്പെടുത്തിയത് പോലെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിലൂടെ ന്യൂസ് പബ്ലിഷേഴ്‌സിന്റെ വാര്‍ത്തകള്‍ കാണാന്‍ സാധിക്കുന്ന സേവനമാണ് ഫേസ്ബുക്ക് നിര്‍ത്തി വെച്ചത്. ഇതിനു പുറമേ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇനി വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കില്ല.

ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകളും ഓസ്‌ട്രേലിയയിലെ പൗരന്മാര്‍ക്ക് ഫേസ്ബുക്കിലൂടെ ഇനി കാണാന്‍ സാധിക്കില്ല. േ

ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ന്യൂസ് കോഡ് അടിസ്ഥാനപരമായി തങ്ങളും ന്യൂസ് പബ്ലിഷര്‍മാരും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഓസ്‌ട്രേലിയയിലെ ഫേസ്ബുക്ക് പ്രതിനിധികള്‍ പറഞ്ഞു.

ഭാവിയിലെങ്കിലും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ സേവനത്തിന്റെ വില മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് പറഞ്ഞു.

ഗൂഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നല്‍കണമെന്ന ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഗൂഗിളും ഫേസ്ബുക്കും നേരത്തെ രംഗത്തെത്തിയിരുന്നു.

പുതിയ നിയമവുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുകയാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഗൂഗിള്‍ സെര്‍ച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാര്‍ത്തകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തുടര്‍നടപടികളുമായി ഫേസ്ബുക്ക് മുന്നോട്ട് പോകുന്നത്.

ഏകദേശം 17 മില്ല്യണ്‍ ഓസ്‌ട്രേലിയക്കാര്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നേരത്തെ കമ്പനികള്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്പനികളുടെ വാദത്തില്‍ കഴമ്പില്ലെന്ന നയമാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ സ്വീകരിച്ചത്.

ഗൂഗിളോ, ഫേസ്ബുക്കോ ഇല്ലെങ്കില്‍ വാര്‍ത്ത വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാര്‍ത്താ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിലേക്കു പോകുമെന്നാണ് തങ്ങള്‍ അനുമാനിക്കുന്നത്.

അതേസമയം, ഇതേ വാര്‍ത്തകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ കാണിച്ച് പണമുണ്ടാക്കുന്ന ഗൂഗിളും ഫേസ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെടുന്നതില്‍ തെറ്റ് എന്താണെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook blocks Australian users and publishers from viewing or sharing news