വാഷിംഗ്ടണ്‍: ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് പോസ്റ്റില്‍ വന്ന ലേഖനത്തിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്കും ട്വിറ്ററും. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ലേഖനം കാരണമാകുമെന്ന് കാണിച്ചാണ് ലേഖനം പങ്കുവെക്കുന്നത് ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിരിക്കുന്നത്.
എന്നാല്‍ ഇതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു. ‘ജോബൈഡനെയും മകന്‍ ഹണ്ടര്‍ ബൈഡനെയും കുറിച്ച് വെളിപ്പെടുത്തുന്ന ഇ-മെയിലുകളെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് പോസ്റ്റിന്റെ ലേഖനം ഫേസ്ബുക്കും ട്വിറ്ററും എടുത്തു കളഞ്ഞത് ഭയാനകമാണ്’ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
ഔദ്യോഗികമായ സ്ഥിരീകരണം വരാത്ത റിപ്പോര്‍ട്ട് ചിത്രങ്ങള്‍ക്കൊപ്പമോ സ്‌റ്റോറികള്‍ക്കൊപ്പമോ പങ്കുവെക്കുന്നത് ബ്ലോക്ക് ചെയ്യുന്നു എന്നാണ് സംഭവത്തില്‍ ഫേസ്ബുക്കും ട്വിറ്ററും നല്‍കുന്ന വിശദീകരണം.
ഫേസ്ബുക്കില്‍ നിലവില്‍ ലേഖനം പങ്കുവെച്ചവര്‍ക്ക് ലിങ്കില്‍ കയറുമ്പോള്‍ ‘ലിങ്ക് സുരക്ഷിതമല്ല’ എന്നാണ് കാണിക്കുന്നത്. ലേഖനം പുതുതായി പങ്കുവെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ‘ദോഷകരമായ റിപ്പോര്‍ട്ട് ആയതിനാല്‍ നിങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല’ എന്ന എന്നുമാണ് ഫേസ്ബുക്ക് അറിയിക്കുന്നത്.
2019 ഏപ്രിലില്‍ ഹണ്ടര്‍ ബൈഡന്‍ ഒരു കംപ്യൂട്ടര്‍ റിപ്പയര്‍ ഷോപ്പില്‍ ഉപേക്ഷിച്ച കംപ്യൂട്ടറില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഈ വിവരങ്ങള്‍ ഒരാളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന നടപടിയായതിനാല്‍ അതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ട്വിറ്റര്‍ പറഞ്ഞു.
ലേഖനത്തിലെ ചില ചിത്രങ്ങള്‍ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും ട്വിറ്റര്‍ പറഞ്ഞു. ബുധനാഴ്ച ലേഖനം പങ്കുവെച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ അക്കൗണ്ട് ട്വിറ്റര്‍ അക്കൗണ്ട് വിലക്കുകയും ചെയ്തു.
മുന്‍ വൈസ് പ്രസിഡന്റായിരുന്ന ബൈഡന് മകന്‍ ഹണ്ടറിന്റെ യുക്രൈനിലെ ബിസിനസുമായി ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘വൈസ് പ്രസിഡന്റായ അച്ഛന് (ജോ ബൈഡന്) മകന്‍ ഹണ്ടര്‍ ബൈഡന്‍ യുക്രേനിയന്‍ ബിസിനസ്മാനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണെന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഇ-മെയിലുകള്‍ പറയുന്നു,’ എന്നായിരുന്നു ന്യൂയോര്‍ക്ക് പോസ്റ്റിന്റെ ലേഖനത്തിന്റെ തലക്കെട്ട്.
ബൈഡനൊപ്പം വാഷിംഗ്ടണില്‍ വെച്ച് നടന്ന ഒരു യോഗത്തിലേക്ക് ബറിസ്മ ബോര്‍ഡ് അഡ്‌വൈസറെയും ഹണ്ടര്‍ ക്ഷണിച്ചതിന് അഡ്‌വൈസര്‍ നന്ദിയറിയിച്ച് കൊണ്ട് 2015 ഏപ്രിലില്‍ അയച്ച ഈ മെയിലിനെ ആധാരമാക്കിക്കൊണ്ടാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ യോഗത്തെക്കുറിച്ചോ അതിന്റെ മറ്റു വിവരങ്ങളെ സംബന്ധിച്ചോ യാതൊരു വിവരങ്ങളും റിപ്പോര്‍ട്ട് നല്‍കുന്നില്ല.
അതേസമയം ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ജോ ബൈഡന്‍ മറുപടി പറഞ്ഞത്. ജോ ബൈഡന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ അന്വേഷണത്തിലും റിപ്പബ്ലിക്കന്‍ സെനറ്റ് കമ്മിറ്റി അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലും തെളിഞ്ഞതെന്നും ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയിലെ ഔദ്യോഗിക വക്താവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക