മുംബൈ: ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. കോടികളുടെ തട്ടിപ്പ് കേസില്‍ നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതോടെയാണ് യാത്ര മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
200 കോടി രൂപയുടെ കള്ളപ്പണം വെട്ടിച്ച കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കാണിച്ചാണ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ദുബായിലെ ഒരു ഷോയ്ക്ക് പോകുന്നതിനായിട്ടായിരുന്നു താരം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്.
ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ സഘം കണ്ടെത്തിയിരുന്നു. 10 കോടി രൂപയുടെ സമ്മാനങ്ങള്‍ക്ക് പുറമെ 52 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കുതിരയും 9 ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെടുന്നുവെന്ന് ഇ.ഡിയുടെ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ സുകേഷ് ചന്ദ്രശേഖറിനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. ജാക്വലിന്‍ ഫെര്‍ണാണ്ടസിന് പുറമെ നടി നോറ ഫത്തേഹിയെക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
ഫത്തേഹിക്ക് ഒരു കാര്‍ സമ്മാനമായി നല്‍കിയതായി ചന്ദ്രശേഖര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നോറ ഫത്തേഹി സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന് ഇരയാണെന്നാണ് നടിയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം മുംബൈയില്‍ ഇമിഗ്രേഷന്‍ തടഞ്ഞ നടി ജാക്വലിനെ ദല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നും ചോദ്യം ചെയ്യുമെന്നും ഇ.ഡി അറിയിച്ചു.