പാട്ട്, ഡാന്‍സ്, തല്ല്, എല്ലാം കൂടിച്ചേര്‍ന്ന ഹോള്‍സെയില്‍ പാക്കേജാണ് തല്ലുമാല. പുട്ടിന് പീര പോലെ വളഞ്ഞുപുളഞ്ഞ് പോകുന്ന കഥക്കിടയിലേക്ക് അടിക്കടി പാട്ടും ഡാന്‍സും തല്ലും വരുന്നുണ്ട്. നോണ്‍ ലീനിയറായി പോകുന്ന ചിത്രത്തിന്റെ ഒഴുക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാട്ടുകള്‍ക്കും തല്ലിനും നിര്‍ണായക പങ്കുണ്ട്.
ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെയുള്ളതാണ് തല്ലുമാല പാട്ട്. അറബി മലയാള സാഹിത്യത്തിലെ ആദ്യത്തെ കാവ്യമായ മുഹ്‌യുദ്ദീന്‍ മാല എന്ന മാലപ്പാട്ട് മോഡലിലാണ് തല്ലുമാല പാട്ട് മുഹ്‌സിന്‍ പരാരിയും(ലിറിക്‌സ്) വിഷ്ണു വിജയും(സംഗീതം) ചേര്‍ന്ന് രൂപപ്പെടുത്തിയിരിക്കുന്നത്.
ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന സൂഫി വര്യനെ വാഴ്ത്തുന്നതാണ് മുഹ്‌യുദ്ദീന്‍ മാലയെങ്കില്‍ പൊന്നാനിയിലെ അഞ്ചംഗ സംഘത്തിന്റെ അടികളാണ് തല്ലുമാല പാട്ടില്‍ വിവരിക്കുന്നത്.