national news
ഈ ഇരുണ്ട കാലത്ത് ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിത്; സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് മുന്‍ വി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 20, 03:21 am
Tuesday, 20th September 2022, 8:51 am

ന്യൂദല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ തയ്യാറായി ലഖ്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രൂപ്‌രേഖ വര്‍മ.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് യു.എ.പി.എ ഉള്‍പ്പെടെ ചുമത്തി കാപ്പനെ ജയിലിലടക്കുകയായിരുന്നു. കേസില്‍ സുപ്രീം കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ.ഡി കേസിനെ തുടര്‍ന്ന് ജയിലില്‍ തുടരുകയാണ് സിദ്ദീഖ് കാപ്പന്‍.

യു.എ.പി.എ കേസില്‍ ജാമ്യം ലഭിക്കാന്‍ രണ്ട് യു.പി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന എന്‍.ഐ.എ കോടതി വ്യവസ്ഥ സിദ്ദീഖിന്റെ മോചനത്തിന് തടസ്സമായെന്ന വാര്‍ത്തകള്‍ നേരത്തെ പുരത്തുവന്നിരുന്നു. ഇതോടെയാണ് സാമൂഹിക പ്രവര്‍ത്തകയും കൂടിയായ പ്രൊഫ. രൂപ്‌രേഖ വര്‍മ തന്റെ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയത്.

ഇരുട്ടുമൂടിയ ഈ കാലത്ത് ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്നാണ് രൂപ്‌രേഖ വര്‍മ കാപ്പന്റെ അഭിഭാഷകന്‍ കെ.എസ്. മുഹമ്മദ് ദാനിഷിനോട് പറഞ്ഞത്.

രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് റിയാസുദ്ദീന്‍ എന്നയാളും ജാമ്യസന്നദ്ധത അറിയിച്ചിട്ടുണ്ട്. ആള്‍ജാമ്യത്തിനായി യു.പി സ്വദേശികളായ രണ്ടുപേര്‍ തയാറായതിനാല്‍ യു.എ.പി.എ കേസില്‍ സിദ്ദീഖിന് ചൊവ്വാഴ്ച വൈകീട്ടോടെ ജാമ്യം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദാനിഷ് പറയുന്നു.

യു.എ.പി.എ കേസില്‍ സിദ്ദീഖ് കാപ്പനെ മൂന്ന് ദിവസത്തിനകം വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു ഈ ഉത്തരവ് വന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ യു.പി പൊലീസ് സിദ്ദീഖിനെ ലഖ്‌നൗ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ലഖ്‌നൗ കോടതിയാണ് ജാമ്യം ലഭിക്കാന്‍ ലക്ഷം രൂപ വീതവും യു.പി സ്വദേശികളായ രണ്ട് ആള്‍ജാമ്യവും വേണമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചത്.

യു.പി സ്വദേശികള്‍ക്കു പകരം സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും സിദ്ദീഖിന്റെ സഹോദരനും ആള്‍ജാമ്യം നില്‍ക്കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇത് കോടതി നിഷേധിക്കുകയായിരുന്നു.

അതേസമയം കാപ്പന്റെ ഇ.ഡി കേസിലെ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി 23ലേക്ക് മാറ്റി.
45,000 രൂപ അക്കൗണ്ടില്‍ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഹത്രാസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാര്‍ ഡ്രൈവര്‍ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസില്‍ അലഹബാദ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ.ഡി കേസ് നിലനില്‍ക്കുന്നതിനാല്‍ ഇദ്ദേഹത്തിനും ഇതുവരെ ജയില്‍ മോചിതനാകാനായിട്ടില്ല.

Content Highlight: Ex vice chancellor to stand up for siddique kappan’s bail in UAPA case