അരൂര്‍: അരൂരിലെ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങവേ അരൂരിലെ മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിയില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് ഇത്.
ഒന്നാം റൗണ്ടിലെ ഒന്നും പതിനൊന്നാം റൗണ്ടിലെ രണ്ടും ഇ.വി.എമ്മുകളാണ് മാറ്റിവെച്ചത്. അരൂരിലേയും പള്ളിപ്പുറത്തേയും വോട്ടിങ് യന്ത്രങ്ങളാണ് എണ്ണാതെ മാറ്റിവെച്ചത്.
തുറവൂരിലെ അവസാന പതിനഞ്ച് ബൂത്തുകളിലെ വോട്ടാണ് ഇപ്പോള്‍ എണ്ണുന്നത്. ഇടതുശക്തികേന്ദ്രങ്ങളിലടക്കം ഷാനി മോള്‍ നേടിയ ലീഡാണ് അവരെ 1536 എന്ന ലീഡ് എന്ന നിലയില്‍ എത്തിയത്.
ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലീഡ് ഇവിടെ 100 ആയി കുറഞ്ഞിരുന്നു. പതിനൊന്നാം റൗണ്ട് എണ്ണിയപ്പോഴാണ് ഷാനിമോളുടെ ലീഡ് കുറഞ്ഞത്.
അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു.സി പുളിക്കല്‍ രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് നേരിയ ലീഡ് നിലനിര്‍ത്തിയത്.
തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വോട്ടുനിലയില്‍ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ ലീഡ് പറയാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഫോട്ടോഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ് അരൂര്‍.