മുംബൈ: രാഷ്ട്രീയക്കാര്‍ വോട്ടര്‍മാരെ നിസ്സാരരായി കാണരുതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പിയെ ഉന്നം വെച്ചായിരുന്നു പവാറിന്റെ പരാമര്‍ശം. ഇന്ദിരാ ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയ പ്രബലരായ നേതാക്കള്‍പ്പോലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട് എന്ന കാര്യം ഓര്‍മയിലുണ്ടാവണമെന്നും പവാര്‍ പറഞ്ഞു.
കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാനത്ത് തിരിച്ചുവരുമെന്ന മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ നിലപാട് തന്നെയാണ് വോട്ടര്‍മാരെ ചൊടിപ്പിച്ചതെന്നും അവര്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പവാര്‍ പറഞ്ഞു.
ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സത്യത്തിന്റെ ഒരു അംശപോലുമില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
ശിവസേനയുടെ മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് പവാറിന്റെ മറുപടി ഇങ്ങനെ, ‘ജനാധിപത്യത്തില്‍ എപ്പോഴും അധികാരം സ്വന്തം പക്കലായിരിക്കുമെന്ന് ഒരിക്കലും ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. നിസ്സാരരായി എടുത്താല്‍ വോട്ടര്‍മാര്‍ അത് സഹിച്ചിരിക്കില്ല. ഇന്ദിരാ ഗാന്ധിയും അടല്‍ ബിഹാരി വാജ്‌പേയിയും പരാജയപ്പെട്ടിട്ടുള്ള മണ്ണാണ് ഇത്’.
‘ജനാധിപത്യ അവകാശങ്ങളുടെ കാര്യത്തില്‍ സാധാരണക്കാര്‍ രാഷ്ട്രീയക്കാരേക്കാള്‍ ബുദ്ധിമാന്മാരാണ് എന്നാണ് ഇതിന് അര്‍ത്ഥം. നമ്മള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ അതിര്‍ത്തി ലംഘിക്കുകയാണെങ്കില്‍ അവര്‍ നമ്മളെ പാഠം പഠിപ്പിക്കും. അങ്ങനെ ചെയ്യുന്നവര്‍ അധികാരത്തില്‍ തിരിച്ചെത്തേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കും’, പവാര്‍ പറഞ്ഞു.