വാഷിങ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് 90 ദിവസത്തേക്ക് നിര്‍ത്തിവെച്ച് യൂറോപ്യന്‍ യൂണിയന്‍. ഡൊണാള്‍ഡ് ട്രംപ് നികുതി ചുമത്തല്‍ ചൈനയ്‌ക്കൊഴികെ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം.
യു.എസ് ഉത്പന്നങ്ങള്‍ക്ക് 20.9 ബില്യണ്‍ യൂറോ വിലമതിക്കുന്ന പ്രതികാര താരിഫ് ചുമത്താനുള്ള നടപടിയാണ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചത്.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര് ലെയ്ന്‍ ട്രംപിന്റെ തീരുമാനം അംഗീകരിക്കുകയും ചര്‍ച്ചകള്‍ സുഗമമാക്കുന്നതിനായി താരിഫ് ചുമത്തല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയുമായിരുന്നു.
അതേസമയം ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ പ്രതികാര താരിഫ് ചുമത്തുമെന്നും പ്രതിരോധ നടപടികളിലേക്ക് നീങ്ങുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
ചര്‍ച്ചകള്‍ക്കായി ഒരവസരം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ചര്‍ച്ചകള്‍ തൃപ്തികരമായില്ലെങ്കില്‍ തങ്ങളുടെ പ്രതികാര നടപടികള്‍ ആരംഭിക്കുമെന്നും വോണ്‍ ഡെര് ലെയ്ന്‍ പറഞ്ഞു.
മറ്റ് രാജ്യങ്ങള്‍ക്ക് പകര ചുങ്കം ഏര്‍പ്പെടുത്തിയതിന് സമാനമായി യൂറോപ്യന്‍ യൂണിയന്‍ ഉത്പന്നങ്ങള്‍ക്കും ട്രംപ് നേരത്തെ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി.
ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ (വ്യാഴാഴ്ച) അറിയിച്ചിരുന്നു. 90 ദിവസത്തേക്ക് പകരച്ചുങ്കം 10 ശതമാനം മാത്രമാക്കുന്നതായും ചൈനയ്ക്കുള്ള താരിഫ് നിരക്ക് 125 ശതമാനമായി ഉയര്‍ത്തുന്നതായും യു.എസ് പ്രസിഡന്റ് അറിയിക്കുകയായിരുന്നു. പിന്നീട് 125 ശതമാനത്തില്‍ നിന്നും 145ലേക്കും ഉയര്‍ത്തുകയായിരുന്നു.
’75ലധികം രാജ്യങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രതിനിധികളെ വിളിച്ചിട്ടുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. ഈ രാജ്യങ്ങള്‍ എന്റെ തീരുമാനത്തിന് ശേഷവും, യുണൈറ്റഡ് സ്റ്റേറ്റ്‌സിനെതിരെ ഒരു തരത്തിലും, രൂപത്തിലും, പ്രതികാരം ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ താരിഫുകള്‍ 90 ദിവസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. കൂടാതെ ഈ കാലയളവില്‍ 10 ശതമാനം എന്ന നിരക്കില്‍ പരസ്പര താരിഫ് നല്‍കിയാല്‍ മതി, ട്രംപ് അറിയിച്ചു.
ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചത്. 20 ശതമാനം പകരചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് ‘ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞ് 26 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരുന്നത്. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യു.കെയ്ക്ക് പത്ത് ശതമാനം തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമായിരുന്നു ഏര്‍പ്പെടുത്തിയത്.
Content Highlight: European Union postpones tariffs on US products for 90 days