ന്യൂദല്‍ഹി: പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന് പിന്നാലെ ജൈവ ഇന്ധനമായ എഥനോളിന്റെ വില നിര്‍ണയിക്കാനുള്ള അധികാരവും കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നു.
കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. 2ജി എഥനോളിന്റെ വില നിര്‍ണയിക്കാനുള്ള അവകാശമാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
കമ്പനികള്‍ക്ക് വില നിര്‍ണയിക്കാനുള്ള അധികാരം ലഭിക്കുന്നതോടെ വിപണിയില്‍ മത്സരം വര്‍ധിക്കുമെന്നും കരിമ്പില്‍ നിന്നാണ് എഥനോള്‍ നിര്‍മിക്കുന്നത് എന്നതിനാല്‍ കരിമ്പ് കര്‍ഷകര്‍ക്ക് ഇത് ഗുണപ്രദമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതിന്റെ ഗുണം ലഭിക്കുക കമ്പനികള്‍ക്കായിരിക്കും.
അതേസമയം പെട്രോളിന് പിന്നാലെ ജൈവ ഇന്ധനമായ എഥനോളിന്റെ വില വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ എണ്ണക്കമ്പനികള്‍ വാങ്ങുന്ന എഥനോളിന്റെ വിലയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ മാറ്റമുണ്ടാകും.
ഹെവി മൊളാസസില്‍ നിന്നുള്ള എഥനോളിന്റെ വില 45.69 രൂപയില്‍ നിന്ന് 46.66 രൂപയാക്കും. ബി ഹെവി മൊളാസസില്‍ നിന്നുള്ളതിന് 57.61 രൂപയില്‍ നിന്ന് 59.08 രൂപയാക്കിയും ഉയര്‍ത്തി. പഞ്ചസാര, കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവയില്‍ നിന്നുള്ള എഥനോളിന് 62.65ല്‍ നിന്നും 63.45 രൂപയായും ഉയരും.
കൃഷി കൂടുതലുള്ളത് ഉത്തര്‍പ്രദേശിലായതിനാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.
പൊതുമേഖലാ എണ്ണ വിപണനക്കമ്പനികള്‍ക്ക് എഥനോള്‍ സംഭരിക്കുന്നതിനുള്ള സംവിധാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
2025 ആകുമ്പോഴേക്ക് പെട്രോളില്‍ എഥനോള്‍ 20 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. രാജ്യത്ത് ജൈവ ഇന്ധന റിഫൈനറികള്‍ വ്യാപകമാവാന്‍ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
ഒരു ലിറ്റര്‍ പെട്രോളില്‍ 10 ശതമാനം എഥനോള്‍ ചേര്‍ത്താലും അതിന് പെട്രോളിന്റെ അതേ നികുതി തന്നെയാണ് ഈടാക്കുന്നത്. എഥനോള്‍ വില വര്‍ധിപ്പിക്കുന്നതും പെട്രോളിലെ എഥനോള്‍ സാന്നിധ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതും ഭാവിയില്‍ പെട്രോളിന്റെ മൊത്ത വിലയില്‍ വര്‍ധനവുണ്ടാക്കാന്‍ കാരണമാകും.