ജെറുസലേം: ഗസ മുനമ്പില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പതിനായിരത്തോളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഫലസ്തീന്‍ സിവില്‍ ഡിഫന്‍സാണ് കണക്കുകൾ പങ്കുവെച്ചത്.
ജെറുസലേം: ഗസ മുനമ്പില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പതിനായിരത്തോളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഫലസ്തീന്‍ സിവില്‍ ഡിഫന്‍സാണ് കണക്കുകൾ പങ്കുവെച്ചത്.
കുഴിയെടുക്കാനുള്ള ഉപകരണങ്ങള്‍ ഇസ്രഈല്‍ സൈന്യം നശിപ്പിച്ചതാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തടസ്സമായതെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഉപകരണം ലഭിച്ചില്ലെങ്കില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ മൂന്നും നാലും വര്‍ഷം സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജീര്‍ണിച്ച മൃതദേഹങ്ങളില്‍ നിന്ന് രോഗങ്ങള്‍ പടരുമെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില പകര്‍ച്ചവ്യാധികളുടെ ഭീഷണി വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ലോകാരോഗ്യ സംഘടനയും യു.എന്നും അടിയന്തരമായി ഇടപെടണമെന്നും ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.
അതേസമയം ഗസയിലെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ 7,000ത്തോളം മൃതദേഹങ്ങള്‍ ഉണ്ടെന്നും ഫലസ്തീനിലെ ആരോഗ്യ വിഭാഗം നേരത്തെ കണക്കാക്കിയിരുന്നു.
ഇതുവരെ 34,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഭരണകൂടം നല്‍കുന്ന കണക്ക്. സിവില്‍ ഡിഫന്‍സിന്റെ പുതിയ കണക്കനുസരിച്ച് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയാല്‍ മരണസംഖ്യ 44,500 ആകുമെന്നാണ് റിപ്പോര്‍ട്ട്.
ഗസയില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് നേരത്തെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ പ്രിയപ്പെട്ടവരെ തേടി അലയേണ്ട അവസ്ഥയാണ് ഗസയിലെ ഓരോ സാധാരണക്കാരനും.
ഏഴ് മാസമായി ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ 37 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഗസയിലുണ്ടെന്നാണ് യു.എന്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ബോംബ് ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് 14 വര്‍ഷമെങ്കിലും സമയമെടുക്കുമെന്നും യു.എന്‍ അറിയിച്ചിരുന്നു.
Content Highlight: Estimated 10,000 Palestinians buried under rubble, civil defence says