തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. രാജി സന്നദ്ധത സി.പി.ഐ.എം സംസ്ഥാന സമിതിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങിയിട്ടുണ്ട്.
എല്‍.ഡി.എഫ് കണ്‍വീനറായിരിക്കെ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകറുമായ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ഇന്ന് ചേരുന്ന സംസ്ഥാന സമിതിയില്‍ നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്.
ഇ.പി. ജയരാജന്റെ ജാവദേകറുമായുള്ള കൂടിക്കാഴ്ചയും, ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവുമെല്ലാം പിണറായി വിജയനടക്കമുള്ള നേതാക്കളില്‍ അനിഷ്ടമുണ്ടാക്കിയിരുന്നു. പിണറായിയും എം.വി. ഗോവിന്ദനുമെല്ലാം അദ്ദേഹത്തെ ഇക്കാര്യത്തില്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു.
ഇ.പി. ജയരാജന്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ.പി. ജയരാജന്റെ ചില പ്രസ്താവനകള്‍ സി.പി.ഐ.എമ്മിന്റെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇ.പി. ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സി.പി.ഐ.എം എം.എല്‍.എ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇ.പി. ജയരാജന്റേത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചാല്‍ മുകേഷും രാജിവെക്കുമെന്ന തരത്തിലുള്ള പ്രതിരോധവും ആദ്യം ഉയര്‍ത്തിയത് ഇ.പി. ജയരാജനായിരുന്നു.
content highlights; EP Jayarajan steps down as LDF convenor; It is reported that he has expressed his willingness to resign