റൂട്ടിന്റെ ട്വിന്‍ ടണ്‍, ഗസിന്റെ സെഞ്ച്വറി, ഫൈഫര്‍; 'മക്ക'യിലും ജയിച്ച് സിംഹങ്ങള്‍, പരമ്പര
Sports News
റൂട്ടിന്റെ ട്വിന്‍ ടണ്‍, ഗസിന്റെ സെഞ്ച്വറി, ഫൈഫര്‍; 'മക്ക'യിലും ജയിച്ച് സിംഹങ്ങള്‍, പരമ്പര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd September 2024, 8:12 am

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റും സ്വന്തമാക്കി ആതിഥേയര്‍. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 190 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഈ ജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ 2-0ന് ലീഡ് നേടാനും പരമ്പര സ്വന്തമാക്കാനും ത്രീ ലയണ്‍സിനായി.

സ്‌കോര്‍

ഇംഗ്ലണ്ട് 427 & 251

ശ്രീലങ്ക: 196 & 292 (T: 483)

ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും സൂപ്പര്‍ താരം ജോ റൂട്ടിന്റെയും യുവതാരം ഗസ് ആറ്റ്കിന്‍സണിന്റെയും ഇന്നിങ്സുകളുടെ കരുത്തില്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വെച്ചു. ഇരുവരും നൂറടിച്ചു. റൂട്ട് തന്റെ കരിയറിലെ 33ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചപ്പോള്‍ ഫസ്റ്റ് ക്ലാസിലെ ആദ്യ സെഞ്ച്വറിയാണ് ആറ്റ്കിന്‍സണ്‍ ലോര്‍ഡ്സില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

റൂട്ട് 206 പന്തില്‍ 143 റണ്‍സ് നേടിയപ്പോള്‍ 115 പന്തില്‍ 118 റണ്‍സാണ് ആറ്റ്കിന്‍സണ്‍ സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ ബെന്‍ ഡക്കറ്റ് (47 പന്തില്‍ 40), ഹാരി ബ്രൂക്ക് (45 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്സും ടീമിന് തുണയായി.

ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടി. താരത്തിന്റെ കരിയറിലെ രണ്ടാമത് ഫൈഫര്‍ നേട്ടമാണിത്. സേന രാജ്യങ്ങള്‍ക്കെതിരെ നേടുന്ന ഫെര്‍ണാണ്ടോ നേടിയ ആദ്യ ഫൈഫറായും ലോര്‍ഡ്സ് ടെസ്റ്റിലെ പ്രകടനം അടയാളപ്പെടുത്തപ്പെട്ടു.

ഫെര്‍ണാണ്ടോക്ക് പുറമെ മിലന്‍ രത്നായകെ, ലാഹിരു കുമാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രഭാത് ജയസൂര്യയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ സ്‌കോര്‍ മറികടന്ന് ലീഡ് സ്വന്തമാക്കാനെത്തിയ ആദ്യ ശ്രീലങ്കക്ക് തൊട്ടതെല്ലാം പിഴച്ചു. 196 റണ്‍സിനാണ് ടീം പുറത്തായത്. അര്‍ധ സെഞ്ച്വറി നേടിയ കാമിന്ദു മെന്‍ഡിസ് മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നിന്നത്. 120 പന്തില്‍ 74 റണ്‍സാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. 23 റണ്‍സടിച്ച ദിനേഷ് ചണ്ഡിമലാണ് ലങ്കന്‍ നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, മാത്യൂ പോട്സ്, ഗസ് ആറ്റ്കിന്‍സണ്‍, ഒലി സ്റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ലാഹിരു കുമാര റണ്‍ ഔട്ടായപ്പോള്‍ ഷോയ്ബ് ബഷീറാണ് ശേഷിക്കുന്ന വിക്കറ്റ് തന്റെ പേരില്‍ കുറിച്ചത്.

231 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിന് എതിരാളികളെ ഫോളോ ഓണിനയക്കാന്‍ സാഹചര്യമുണ്ടായിട്ടും ബാറ്റിങ് ലീഡ് ഉയര്‍ത്താന്‍ തന്നെ ക്യാപ്റ്റന്‍ ഒലി പോപ്പ് തീരുമാനിച്ചു.

ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ ടോപ് ഓര്‍ഡറിന് രണ്ടാം ഇന്നിങ്‌സിലും മൂര്‍ച്ച കുറഞ്ഞു. എന്നാല്‍ ജോ റൂട്ട് എന്ന അതികായന്റെ അനുഭവസമ്പത്തും ക്രിക്കറ്റ് ഇന്റലിജന്‍സും ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിന് തുണയായി. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയാണ് റൂട്ട് തിളങ്ങിയത്.

കരിയറിലെ 34ാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറിയാണ് ഗോള്‍ഡന്‍ ചൈല്‍ഡ് ലോര്‍ഡ്‌സില്‍ കുറിച്ചത്. ഇതോടെ ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമായും റൂട്ട് മാറി.

നേരിട്ട 111ാം പന്തില്‍ ബൗണ്ടറി നേടിയാണ് റൂട്ട് ട്രിപ്പിള്‍ ഡിജിറ്റിലെത്തിയത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ റൂട്ടിന്റെ വേഗതയേറിയ സെഞ്ച്വറിയാണിത്. ഒടുവില്‍ 121 പന്തില്‍ 103 റണ്‍സുമായി ലാഹിരു കുമാരക്ക് വിക്കറ്റ് സമ്മാനിച്ച് റൂട്ട് മടങ്ങി.

ആദ്യ ഇന്നിങ്‌സില്‍ ആറ്റ്കിന്‍സണ്‍ നല്‍കിയതുപോലുള്ള പിന്തുണ രണ്ടാം ഇന്നിങ്‌സില്‍ റൂട്ടിന് ആരില്‍ നിന്നും ലഭിച്ചില്ല. 37 റണ്‍സടിച്ച ഹാരി ബ്രൂക്കാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ സെക്കന്‍ഡ് ബെസ്റ്റ് റണ്‍ ഗെറ്റര്‍.

ഒടുവില്‍ 251ന് ഇംഗ്ലണ്ട് പുറത്താവുകയും 483 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് മുമ്പില്‍ വെക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോയും ലാഹിരു കുമാരയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മിലന്‍ രത്‌നായകെ, പ്രഭാത് ജയസൂര്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

483 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ശ്രീലങ്കക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 19ല്‍ നില്‍ക്കവെ നിഷാന്‍ മധുശങ്കയെ നഷ്ടപ്പെട്ട ലങ്കക്ക് 43ല്‍ നില്‍ക്കവെ പാതും നിസങ്കയെയും 60ല്‍ പ്രഭാത് ജയസൂര്യയെയും നഷ്ടമായി.

പിന്നാലെയെത്തിയവരില്‍ ദിനേഷ് ചണ്ഡിമല്‍, ദിമുത് കരുണരത്‌നെ, ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി പൊരുതിനോക്കിയെങ്കിലും വിജയലക്ഷ്യം കാണാമറയത്തായിരുന്നു.

ചണ്ഡിമല്‍ 62 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 129 പന്ത് നേരിട്ട് 55 റണ്‍സാണ് കരുണരത്‌നെ തന്റെ പേരിന് നേരെ കുറിച്ചത്. 71 പന്തില്‍ നേടിയ 50 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.

മിലന്‍ രത്‌നായകെ (56 പന്തില്‍ 43), ഏയ്ഞ്ചലോ മാത്യൂസ് (91 പന്തില്‍ 36) എന്നിവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ മാത്രമാണ് ഇവര്‍ക്കായത്.

പത്താം വിക്കറ്റായി ലാഹിരു കുമാരയും മടങ്ങിയതോടെ ലങ്കയുടെ പോരാട്ടം 292 റണ്‍സില്‍ അവസാനിച്ചു.

ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ ഫൈഫര്‍ നേടി. കരിയറിലെ മൂന്നാം ഫൈഫറാണ് ആറ്റ്കിന്‍സണ്‍ സ്വന്തമാക്കുന്നത്. ഈ മൂന്ന് ഫൈഫറും ലോര്‍ഡ്‌സില്‍ തന്നെയാണ് പിറവിയെടുത്തത്.

ആറ്റ്കിന്‍സണ് പുറമെ ക്രിസ് വോക്‌സ്, ഒലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഒരു വിക്കറ്റുമായി ഷോയ്ബ് ബഷീര്‍ ലങ്കയുടെ പതനം പൂര്‍ത്തിയാക്കി.

ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെട്ട ശ്രീലങ്കക്ക് മുഖം രക്ഷിക്കാനെങ്കിലും അവസാന മത്സരത്തില്‍ വിജയം അനിവാര്യമാണ്. സെപ്റ്റംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് അവസാന ടെസ്റ്റ്. ഓവലാണ് വേദി.

 

 

Content highlight: ENG vs SL: 2nd Test: England defeated Sri Lanka