national news
ഹിന്ദു ഐ.ടി സെല്ലിന്റെ പരാതിയില്‍ റാണാ അയ്യൂബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; 1.77 കോടി രൂപ കണ്ടുകെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 11, 02:02 am
Friday, 11th February 2022, 7:32 am

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ 1.77 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

പൊതു ജനങ്ങളില്‍ നിന്ന് സമാഹരിച്ച ചാരിറ്റബിള്‍ ഫണ്ടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ഹിന്ദു ഐ.ടി സെല്‍ എന്ന എന്‍.ജി.ഒയുടെ സ്ഥാപകന്‍ വികാസ് സംകൃത്യായന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സ്വകാര്യ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരിക്കുന്ന 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ബാക്കി തുക ബാങ്ക് നിക്ഷേപമായും അറ്റാച്ച് ചെയ്യാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

റാണയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് മൊത്തം 1,77,27,704 രൂപയുടെ നിക്ഷേപങ്ങളാണ് ഇ.ഡി അറ്റാച്ച് ചെയ്തിട്ടുള്ളത്.

കെറ്റൊ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴി റാണാ അയ്യൂബ് സ്വരൂപിച്ച 2.69 കോടിയിലധികം രൂപയുടെ ഫണ്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പൊലീസ് നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

കെറ്റൊ വഴി ലഭിച്ച മുഴുവന്‍ സംഭാവനയിലെ ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് റാണ നേരത്തെ വ്യക്തമാക്കിയിരുന്നു.

എഫ്.ഐ.ആര്‍ പ്രകാരം മൂന്ന് ക്യാമ്പെയ്നുകളുടെ ഭാഗമായാണ് ഫണ്ട് സമാഹരിച്ചത്. ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ട് 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍, 2020 ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി, കൂടാതെ 2021 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ കൊവിഡ്-19 ബാധിച്ച ആളുകള്‍ക്കുള്ള സഹായത്തിനും വേണ്ടിയാണ് പണം സ്വരൂപിച്ചത്.

കെറ്റോയിലൂടെ സമാഹരിച്ച 2,69,44,680 രൂപ റാണാ അയ്യൂബ് സഹോദരിയുടെയും പിതാവിന്റെയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായും എഫ്.ഐ.ആറില്‍ ആരോപിക്കുന്നുണ്ട്.

72,01,786 രൂപ റാണാ അയ്യൂബിന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലും 37,15,072 രൂപ സഹോദരി ഇഫ്ഫത്ത് ഷെയ്ഖിന്റെ അക്കൗണ്ടിലും 1,60,27,822 രൂപ പിതാവ് മുഹമ്മദ് അയ്യൂബ് വാഖിഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെയുമാണ് പിന്‍വലിച്ചത്.

അതില്‍ 31,16,770 രൂപയുടെ രേഖകള്‍ റാണാ ഇ.ഡിക്ക് സമര്‍പ്പിച്ചെങ്കിലും ക്ലെയിം ചെയ്ത ചെലവുകള്‍ പരിശോധിച്ച ശേഷം, യഥാര്‍ത്ഥ ചെലവ് 17,66,970 രൂപയാണെന്ന് ഏജന്‍സി കണ്ടെത്തുകയായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചില സ്ഥാപനങ്ങളുടെ പേരില്‍ റാണ അയ്യൂബ് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയതായും വിമാനമാര്‍ഗ്ഗം വ്യക്തിഗത യാത്രയ്ക്കായി നടത്തിയ ചെലവുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകളുടെ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നതായി ഇ.ഡി ആരോപിക്കുന്നുണ്ട്.

പൂര്‍ണമായും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചാരിറ്റിയുടെ പേരില്‍ ഫണ്ട് സ്വരൂപിച്ചതെന്നും പണം സമാഹരിച്ച ആവശ്യത്തിനായി അത് പൂര്‍ണമായും വിനിയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ഇ.ഡി പറഞ്ഞു.


Content Highlights: Enforcement Directorate attaches journalist Rana Ayyub’s funds in money laundering case