ആദ്യ പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനും മുമ്പ് തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നവകേരള മാര്‍ച്ച് ഉപ്പളയില്‍ നിന്നും ആരംഭിച്ച ദിവസം ഇപ്പോഴത്തെ തദ്ദേശഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: ‘ ഞങ്ങള്‍ ഇന്നലെ തന്നെ കാസര്‍ഗോഡെത്തി. ജാഥയുടെ നായകന്‍ സ. പിണറായിയുടെ കൂടെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകള്‍ സന്ദര്‍ശിച്ചു.
ലാഭത്തില്‍ വേണ്ടിയുള്ള നെട്ടോട്ടത്തില്‍ മുതലാളിത്തം കടപുഴക്കിയ ജീവിതങ്ങള്‍ ചോദ്യ ചിഹ്നങ്ങളായി മുന്നില്‍ നിന്നു. ഒന്നുറപ്പാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീര്‍ ഒപ്പും. അവര്‍ക്ക് മികച്ച ജീവിതം ഉറപ്പുവരുത്തും.
പതിനൊന്നു പഞ്ചായത്തുകളിലായി ദുരിതം വിതച്ചിരിക്കുകയാണ് ഈ ജീവനാശിനി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുവേണ്ടി പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയെങ്കിലും ഇന്നലെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് അത്യന്തം ദയനീയമായ കാഴ്ചകളാണ്..’
ആ കണ്ണീര്‍ കാഴ്ചകള്‍ തന്നെയാണ് 5 വര്‍ഷം ഇടതുപക്ഷം ഭരിച്ചിട്ടും ദുരിത ബാധിതര്‍ക്ക് ഉണ്ടായത് എന്നത് കേരളത്തിനു വിശ്വസിക്കാന്‍ പറ്റുമോ? എന്നാല്‍ നാമത് വിശ്വസിച്ചേ പറ്റൂ. 3 വര്‍ഷക്കാലത്തിലധികമായി പദ്ധതികള്‍ നടപ്പിലാക്കേണ്ട ജില്ല കലക്ടര്‍ ദുരിത ബാധിതരെ അവഹേളിച്ചു കൊണ്ടിരിക്കുമ്പോള്‍, ദുരിത സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് വെട്ടിക്കുറക്കാന്‍ നോക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇരകളുടെ പക്ഷത്തു നില്‍ക്കാന്‍ ഒരു സര്‍ക്കാരുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് മഹാമാരിയുടെ ഈ തീ കാലത്ത് വീണ്ടും സമരവുമായി തെരുവിലിറങ്ങേണ്ടി വരുമായിരുന്നില്ല.
എന്താണ് ഇപ്പോഴത്തെ അവസ്ഥ
2010ലാണ് ആദ്യമായി ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. അതിനു ശേഷം 2011, 13, 17 കാലങ്ങളിലായി നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയുണ്ടായി. മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദ്ദേശിച്ച ധനസഹായം കിട്ടാന്‍ വേണ്ടി നിരവധി സമരങ്ങള്‍ നടത്തേണ്ടി വന്നു.
പിന്നീട് ഇതിനായി 2017ല്‍ സുപ്രീം കോടതിക്കും ഇടപെടേണ്ടി വന്നു. മുഴുവന്‍ ആളുകള്‍ക്കും ആ ജീവനാന്ത ചികിത്സയും ധനസഹായവും നല്‍കണമെന്ന് കോടതി ഉത്തരവിടുകയുണ്ടായി. വിദഗ്ദ ചികിത്സക്കായി മംഗലാപുരത്തോ തിരുവനന്തപുരത്തോ പോകേണ്ട സ്ഥിതിയാണ്.
പെന്‍ഷന്‍ തുക തന്നെ ഇടയ്ക്കിടയ്ക്ക് മുടങ്ങുന്ന സ്ഥിതിയാണ്. പൂര്‍ണമായും കിടപ്പിലായ കുട്ടികള്‍ക്കു പോലും ധനസഹായം ലഭ്യമായിട്ടില്ല. ഒരു വീട്ടില്‍ രണ്ടും മൂന്നും കുട്ടികളുള്ള കുടുംബത്തിനു പോലും ധനസഹായം കിട്ടാത്ത അവസ്ഥയുണ്ട്.
ഡി.വൈ.എഫ്.ഐ കൊടുത്ത കേസില്‍ 2017 ലെ സുപ്രീം കോടതി വിധിയനുസരിച്ച് തന്നെ 6727 പേര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം ലഭിക്കേണ്ടതാണ്. ഇതില്‍ 1442 പേര്‍ക്കും കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ച 4 പേര്‍ക്കും മാത്രമാണ് 5 ലക്ഷം രൂപ കിട്ടിയിട്ടുള്ളത്.
1568 പേര്‍ക്ക് 3 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. കോടതി വിധി പ്രകാരം തന്നെ ഇനി 3717 പേര്‍ക്ക് 5 ലക്ഷവും 1568 പേര്‍ക്ക് 2 ലക്ഷവും ധനസഹായം ലഭിക്കേണ്ടതുണ്ട്. 2010 മുതല്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് വിദഗ്ദ ഡോകടര്‍മാര്‍ കണ്ടെത്തിയവരെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി ദുരിതബാധിതരുടെ എണ്ണം കുറയ്ക്കണമെന്ന് പറയുന്ന ഒരു ജില്ലാ കളക്ടറാണ് കാസര്‍ഗോട്ടുള്ളത്.
ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ ചെയര്‍മാന്‍ കാസര്‍കോട്ടെത്തി ദുരിതബാധിതരെ കാണുകയും 2010 ഡിസംബര്‍ 31-ന് കേരള ഗവണ്‍മെന്റിനോട് എട്ടാഴ്ചകം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നാല് നിര്‍ദേശങ്ങളില്‍ ഒന്ന് പോലും പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണമായും കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 5 ലക്ഷം രൂപ വീതവും മറ്റ് രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ധനസഹായം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
സമരത്തെത്തുടര്‍ന്ന് കിട്ടിയ ഒരു ഉറപ്പായിരുന്നു കടംഎഴുതിത്തള്ളും എന്നത്. അതും 2011 ജൂണ്‍ 30 വരെയുള്ള കടങ്ങള്‍. ചികിത്സക്കായി ബാങ്കുകള്‍ കടം നല്‍കാറില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സ്വര്‍ണ്ണപ്പണയം, ആള്‍ ജാമ്യം ,കാര്‍ഷിക കടങ്ങള്‍ എന്നിവ എഴുതിത്തള്ളാന്‍ തീരുമാനമായത്.
2011 ജൂണ്‍ 30 ന് ശേഷമാണ് ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ കിട്ടിത്തുടങ്ങിയത്. അതുപ്രകാരം ആയിരത്തിലധികം ആളുകളുടെ കടങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ ദുരിതബാധിതര്‍ക്കും ആ ആനുകൂല്യം ലഭ്യമാകുന്നതിന് ചില സാങ്കേതിക പരിമിതികളുണ്ട്. അതായത് 2011 ജൂണ്‍ 30 മുതല്‍ സൗജന്യചികിത്സ ലഭിക്കണമെങ്കില്‍ ലിസ്റ്റില്‍ ഉള്‍പ്പെടണം.
2011 -ലെ മെഡിക്കല്‍ ക്യാമ്പിന്റെ ലിസ്റ്റ് പുറത്ത് വരുന്നത് 2015 ലാണ്. അതു കൊണ്ട് തന്നെ ആ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചിട്ടുമില്ല, അവര്‍ ചികിത്സാര്‍ത്ഥം എടുത്ത കടങ്ങള്‍ തള്ളിയിട്ടുമില്ല.
കൊവിഡ് കാലത്ത് ബഡ്‌സ് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നത് വലിയ ബുദ്ധിമുട്ടുകളാണ് ദുരിത ബാധിതര്‍ക്കുണ്ടാക്കുന്നത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷല്‍ എഡ്യൂക്കേഷനുള്ള സഹായം എന്നിവകുട്ടികള്‍ക്ക് ലഭ്യമാവാതെ വന്നു. ഇത്തരം തെറാപ്പികള്‍ ചെറിയ പ്രായത്തില്‍ തന്നെ കിട്ടിയാലേ കുറെയെങ്കിലും മാറ്റം കുട്ടികള്‍ക്ക് ഉണ്ടാവുകയുള്ളൂ.
അതിനു വേണ്ട എന്തെങ്കിലും സൗകര്യം കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇത്തരം കുട്ടികള്‍ക്ക് പ്രായോഗികമല്ല. കുട്ടികളെ നോക്കുന്ന ചുമതല പൂര്‍ണമായും കുടുംബത്തിനു വന്നുപെട്ടതോടെ ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്ന അമ്മമാരില്‍ പലര്‍ക്കും ജോലിക്ക് പോകാന്‍ പറ്റാതായി.
വേണ്ടത്ര ബഡ്‌സ് സ്‌കൂളുകള്‍ ഇപ്പോഴും സ്ഥാപിതമായിട്ടില്ല. പലതരക്കാരും പ്രായപൂര്‍ത്തിയായവരടക്കം ഉള്‍ക്കൊള്ളുന്ന മാനസികവളര്‍ച്ചയെത്താത്തവരും ഒക്കെ വളരെ പരിതാപകരമായ സൗകര്യങ്ങള്‍ മാത്രമുള്ള ബഡ്‌സ് സ്‌കൂളുകളില്‍ ഒന്നിച്ച് കഴിയേണ്ടി വരുന്ന അവസ്ഥയും ഉണ്ട്.
ആദ്യ പിണറായി മന്ത്രിസഭയുടെ കാലത്ത് 2019 ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. മെഡിക്കല്‍ ക്യാമ്പുകളിലൂടെ ദുരിതബാധിതരായി കണ്ടെത്തിയ 18 വയസ്സില്‍ താഴെയുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും എന്ന് ഉറപ്പ് തന്നിരുന്നു.
അതു പ്രകാരം 2017 ലെ മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 517 കുട്ടികളെ ഉള്‍പ്പെടുത്തി ഉറപ്പ് പാലിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടവരെ കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത്തരമൊരു പരിശോധന നടന്നിട്ടില്ല. പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തിട്ടുമില്ല.
18 വയസ്സിന് താഴെയുള്ള. 1031 പേര്‍ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. അതു പോലെ 2017-ല്‍ രാജപുരം, മുളിയാര്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നവര്‍ക്കും പുതിയ കുട്ടികള്‍ക്കും വേണ്ടി മെഡിക്കല്‍ ക്യാമ്പ് നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
2017 ല്‍ ക്യാമ്പ് നടന്നു. ലിസ്റ്റ് ഇത് വരെ തയ്യാറാക്കിയിട്ടില്ല. അതു പോലെ 2011 ലെ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളടക്കമുള്ളു 600 പേരുടെ ലിസ്റ്റ് ഇനിയും പുറത്തുവന്നിട്ടില്ല. മെഡിക്കല്‍ ക്യാമ്പുവഴി ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ മാത്രമേ ഈ കുട്ടികള്‍ക്ക് സൗജന്യ ചികിത്സയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുകയുള്ളു.
അട്ടിമറിയുടെ പിന്നാമ്പുറം
ദുരിതബാധിതരുടെ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ആശ്വാസ പദ്ധതികളെയെല്ലാം അട്ടിമറിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കീടനാശിനി ലോബിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നു. മാരകമായ ഫലങ്ങള്‍ തിരിച്ചറിഞ്ഞ് ലോകമാകെ നിരോധിച്ച ഒരു കീടനാശിനിയെ വെള്ളപൂശാന്‍ ജില്ലാ ഭരണത്തിന്റെ തലവനെ തന്നെ കൂട്ടു കിട്ടിയ ഒരവസ്ഥയാണ് കാസര്‍ഗോട്ട് ഇന്ന്.
കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെ നിരവധി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് 2010 മുതല്‍ 17 വരെ നടത്തിയ , മെഡിക്കല്‍ ക്യാമ്പുകളിലൂടെ രോഗികളെ കണ്ടെത്തിയത്. പ്രാഥമിക തലത്തില്‍ പല ഘട്ടങ്ങളില്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയാണ് മെഡിക്കല്‍ സംഘത്തിനു പരിശോധിക്കാനുള്ള രോഗികളെ എത്തിച്ചത്.
2010 ലെ ക്യാമ്പില്‍ ഇരുപതിനായിരത്തോളം ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്., അതില്‍ നിന്ന് 4182 പേരെ ലിസ്റ്റില്‍പ്പെടുത്തുന്നത്. 2011 ലെയും 13 ലെയും 17 ലെയും ക്യാമ്പുകളും അങ്ങനെയാണ് നടന്നത്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആരെയൊക്കെ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്.
വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ വരാറുള്ള സ്വാഭാവികമായ ചില പിഴവുകള്‍ ഈ ലിസ്റ്ററുകളിലും ഉണ്ടാകാം. എന്നാല്‍ ദുരിത ബാധിതര്‍ സ്വന്തം നിലയില്‍ ലിസ്റ്റില്‍ കയറിപ്പറ്റി എന്ന വിധമുള്ള പ്രചരണങ്ങളാണ് ബോധപൂര്‍വ്വം ജില്ലാ ഭരണാധികാരികളും കൃഷി ശാസ്ത്രജ്ഞരെന്നു ധരിക്കുന്ന ചിലരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഭരണകൂടത്തെയും സ്വാധീനിച്ചു എന്നതിന്റെ തെളിവാണ് എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഇന്നത്തെ അവസ്ഥ.
കീടനാശിനി ലോബികളി നിര്‍ത്തുന്നില്ല !
ജപ്പാനിലെ മീനമാതയില്‍ ഒരു കെമിക്കല്‍ ഫാക്ടറി നടത്തിയ മീതൈല്‍ മെര്‍ക്കുറി മലിനീകരണത്തെത്തുടര്‍ന്ന് നദികളില്‍ നിന്നും കടലില്‍ നിന്നും ലഭിക്കുന്ന മീനുകള്‍ ഭക്ഷിച്ച് ജനങ്ങള്‍ ദുരിത ബാധിതരായപ്പോള്‍ രാസമലിനീകരണമാണ് അതിന് കാരണമെന്ന് ദശകങ്ങളോളം സമ്മതിക്കാന്‍ ശാസ്ത്ര സമൂഹവും ഭരണാധികാരികളും തയ്യാറായില്ല.
1956 ല്‍ ആദ്യമായി രോഗം തിരിച്ചറിഞ്ഞിട്ടും നിരവധി ശാസ്ത്രകാരന്‍മാര്‍ അതിന്റെ കാരണം രാസമലിനീകരണമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ശാസ്ത്ര സംഘങ്ങള്‍ അത് അംഗീകരിച്ചില്ല. രണ്ടാമതും മറ്റൊരിടത്തു കൂടി രോഗം വ്യാപിച്ചപ്പോഴാണ് 1967 ല്‍ കാരണം മീതൈല്‍ മെര്‍ക്കുറി മലിനീകരണമാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്.
ആദ്യകാലത്ത് രോഗം മറച്ചുവെക്കാനും തങ്ങള്‍ പിടിക്കുന്ന മത്സ്യം ആരും വാങ്ങില്ലെന്ന് ഭയന്ന് മലിനീകരണം തന്നെ അംഗീകരിക്കാനും അവിടുത്തെ മത്സ്യബന്ധനത്തൊഴിലാളികളടക്കം തയ്യാറായിരുന്നില്ല. 1968 ല്‍ പോലും 143 രോഗികള്‍ മാത്രമാണ് ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. 2005 ല്‍ അത് 2955 ആയി. ഇന്ന് ഏതാണ്ട് 30000 ത്തോളമാണ് രോഗികളുടെ എണ്ണം.
ആദ്യം വര്‍ഷത്തില്‍ ഒരു ലക്ഷം യെന്‍ , ആശ്വാസ ധനമായി പ്രഖ്യാപിച്ച കമ്പനി അത് നഷ്ടപരിഹാരമല്ലെന്നും തങ്ങളല്ല രോഗത്തിന് ഉത്തരവാദിയെന്നും തന്നെയാണ് വാദിച്ചത്. എന്നാല്‍ 65 വര്‍ഷത്തിനു ശേഷം ഇന്നു പോലും ആവര്‍ത്തിക്കുന്ന ജനിതകത്തകരാറുകള്‍ക്ക് ജപ്പാനീസ് സര്‍ക്കാര്‍ അടക്കം അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കൊണ്ടിരിക്കുകയാണ്.
ലോകത്ത് പാരിസ്ഥിതികാവബോധം ഇന്നത്തെക്കാള്‍ കമ്മിയായിരുന്ന കാലത്തെ ഒരു സംഭവം ഇവിടെ ചൂണ്ടിക്കാണിക്കുന്നത് ഇന്നും ഔദ്യോഗിക കൃഷി ശാസ്ത്രജ്ഞന്‍മാര്‍ അവരുടെ ജ്ഞാനത്തടങ്കലില്‍ നിന്ന് മോചിതരായിട്ടില്ല എന്ന് സൂചിപ്പിക്കാനാണ്. വേഗം അങ്ങ് നിര്‍ത്തിപ്പോകാനാകാത്ത ഒരു ദുരന്തത്തിനാണ് നിങ്ങള്‍ വിത്തുവിതച്ചത് എന്ന് തിരിച്ചറിയാത്തവരായി നിങ്ങള്‍ മാത്രമേ ഉള്ളൂ.
മാനസിക ശാരീരികത്തകരാറുകളുള്ള രോഗികള്‍ക്ക് പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിവരികയേയുള്ളൂ. വിഷമഴ നനഞ്ഞ ഒരു തലമുറ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും അവരുടെ അടുത്ത തലമുറയെ രോഗം ബാധിക്കുന്നത് നാം എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ കണ്ടു കൊണ്ടേയിരിക്കുന്നു.
മഴയും മരവും പെയ്‌തൊഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ മരണങ്ങളും ദുരിതങ്ങളും തോര്‍ന്നു തീര്‍ന്നിട്ടില്ല. ഡി.ഡി.ടി നിരോധിച്ചതും എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചതുമൊക്കെ മഹാ വങ്കത്തമാണെന്നു വിശ്വസിക്കുന്ന കാര്‍ഷിക ശാസ്ത്ര അജ്ഞാനികളില്‍ നിന്നും ഉപദേശകരില്‍ നിന്നും അകലം പാലിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ 21ാം നൂറ്റാണ്ടിന്റെ പരിഷ്‌കൃതമായ പാരിസ്ഥിതിക ബോധത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ നോക്കിക്കാണാന്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തിനു കഴിഞ്ഞാല്‍ കാസര്‍ ഗോഡിനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് ഭരണാധികാരികള്‍ക്ക് മനസ്സിലാവും.
പ്രിയ മുഖ്യമന്ത്രി ആ മധുര നാരങ്ങകള്‍ കയ്യില്‍ പിടിച്ച് അവര്‍ ഇപ്പോഴും കാത്തു നില്‍ക്കുകയാണ്!